
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. അടുത്ത ഇരുപത്തിനാല് മണിക്കൂർ നിർണായകമാണ്. സുരേഷ് കൂടുതൽ പ്രതികരണ ശേഷി കൈവരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
വാവ സുരേഷ് വെന്റിലേറ്ററിൽ തുടരുകയാണ്. തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ പുരോഗതി കൈവരിക്കണമെന്നും എന്നാൽ മാത്രമേ വെന്റിലേറ്റർ മാറ്റാൻ കഴിയൂകയുള്ളൂവെന്നും ഡോക്ടർമാർ അറിയിച്ചു. കൃത്യമായ ഇടവേളകളിൽ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ജനുവരി 31ന് വൈകിട്ടാണ് വാവ സുരേഷിന് മൂർഖന്റെ കടിയേറ്റത്. കോട്ടയം കുറിച്ചി പാട്ടാശ്ശേരിയിലെ ഒരു വീട്ടിൽനിന്ന് പാമ്പിനെ പിടികൂടുന്നതിനിടെ സുരേഷിന്റെ തുടയിൽ കടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന സുരേഷിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.