dog

ചേർത്തല : ഡാനിയെന്ന തങ്ങളുടെ വളർത്തുനായയ്ക്ക് ആചാരപ്രകാരം ചിതയൊരുക്കി വീട്ടുകാർ. ചന്ദനവും നെയ്യും രാമച്ചവും കർപ്പൂരവും ചന്ദനത്തിരിയും ഒപ്പം നിറവും മണവുമുള്ള പൂക്കളുംനിറച്ച ചിതയിലായിരുന്നു ഡാനിയുടെ സംസ്കാരചടങ്ങ്. മാടക്കൽ ചങ്ങടംകരിയിൽ വാടകയ്ക്ക് താമസിക്കുന്ന രമപൈയും ഭർത്താവ് വിനോദും കുടുംബവുമാണ് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായയ്ക്ക് ചിതയൊരുക്കിയത്.

പൂനെയിൽ താമസിച്ചിരുന്ന ഇവർ ഏഴുമാസം മുമ്പാണ് ചേർത്തലയിലെത്തിയത്.13 വർഷമായി ഇവർക്കൊപ്പമുളള ഡാനി ഒരു വർഷമായി പൂർണമായും കിടക്കയിൽ തന്നെയായിരുന്നു.വീടിനുള്ളിൽ കിടക്കയൊരുക്കിയായിരുന്നു പരിചരണം.ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാഗവതം വായിച്ചുകേൾപ്പിച്ചു.


സസ്യാഹാരം മാത്രം കഴിക്കുന്ന കുടുംബത്തിൽ അതേ രീതിയിൽ തന്നെയായിരുന്നു ഡാനിയും വളർന്നത്. മുട്ട മാത്രമായിരുന്നു പ്രത്യേക വിഭവം. ചീരയടക്കമായിരുന്നു ഇഷ്ട ഭക്ഷണം.കുടുംബത്തിനൊപ്പം ഏകാദശിവ്രതം നോറ്റുപോലും ഡാനി ഇവർക്കൊപ്പം കൂടി. ഇതുവരെ ചങ്ങല ഉപയോഗിക്കാതെയാണ് ഡാനിയെ വളർത്തിയത്. രമ പൈയും കുടുംബവും വീടുവയ്ക്കാൻ വാങ്ങിയ സ്ഥലത്താണ് ചിതയൊരുക്കിയത്.മകൻ വരുൺ ആചാരപ്രകാരം ചിതക്ക് തീകൊളുത്തി.സമീപവാസികളായ സജീവനും വിനോദുമടക്കം കുടുംബത്തിന്റെ സഹായത്തിനെത്തിയപ്പോൾ നാട്ടുകാരും ദുഃഖത്തിൽ പങ്കുചേർന്നു.


ഇന്ന് ഡാനിയുടെ അസ്ഥി ആലുവാപ്പുഴയിലൊഴുക്കും.ഇതിനൊപ്പം തെരുവുനായകൾക്ക് ഭക്ഷണവും വിതരണം ചെയ്യും.ചിതയൊരുക്കിയ സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന വീടിനൊപ്പം ഡാനിക്ക് സ്മാരകവും നിർമ്മിക്കാനാണ് തീരുമാനം..