
ന്യൂഡൽഹി:ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ ജാതി, മത സമവാക്യങ്ങളെ വരുതിയിലാക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയപ്പാർട്ടികൾ.
ഭരണത്തുടർച്ച ഉറപ്പാക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് കഴിഞ്ഞ തവണ ഉജ്ജ്വല വിജയം സമ്മാനിച്ച പടിഞ്ഞാറൻ യു പിയിൽ പാർട്ടി സ്ഥാനാർത്ഥികൾക്കും ജനരോഷം നേരിടേണ്ടിവരുന്നു. കർഷക സമരത്തിന്റെ സ്വാധീനം പാർട്ടിക്ക് എത്ര സീറ്റുകൾ നഷ്ടപ്പെടുത്തുമെന്നതിനെ ആശ്രയിച്ചിരിക്കും ഭാവി ഭരണം. കരിമ്പ് കർഷകരുടെ രോഷവും ബി.ജെ.പിക്കെതിരാകും. അതേസമയം,റോഡുകളും, മറ്റ് വികസന പ്രവർത്തനങ്ങളും നഗര മേഖലകളിൽ അനുകൂലമാകുമെന്ന് ബി.ജെ.പി കരുതുന്നു.
എസ്.പി - ആർ.എൽ.ഡി സഖ്യം
സംസ്ഥാനത്തെ 30 ശതമാനത്തോളം യാദവ ഇതര ഒ.ബി.സി വോട്ടുകൾ വർദ്ധിപ്പിച്ചും, 19 ശതമാനം മുസ്ലിം വോട്ടുകൾ ഏകീകരിച്ചും, 9 ശതമാനം യാദവ വോട്ടിൽ ഭൂരിപക്ഷവും സ്വായത്തമാക്കിയും വോട്ട് വിഹിതം 40 ശതമാനത്തിലെത്തിക്കാനാണ് എസ്.പി - ആർ.എൽ.ഡി സഖ്യത്തിന്റെ ശ്രമം.
2013ലെ വർഗ്ഗീയ കലാപത്തെത്തുടർന്ന് ബദ്ധവൈരികളായ പടിഞ്ഞാറൻ യു പി യിലെ ജാട്ട് - മുസ്ലിം സമൂഹത്തെ യോജിപ്പിലെത്തിക്കാൻ ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയുടെ നേതൃത്വത്തിൽ മുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാമി പ്രസാദ് മൗര്യയെപ്പോലുള്ള ഒ.ബി.സി നേതാക്കൾ ഒപ്പമെത്തിയതും ശക്തി പകർന്നു. ബി.എസ്.പിയിൽ നിന്ന് ദളിത് വോട്ടുകൾ സമാഹരിക്കാനും അഖിലേഷ് ശ്രമിക്കുന്നു.
ബി.ജെ.പിയുടെ ലക്ഷ്യം
അതേ വർഗ്ഗീയ കലാപം ഓർമ്മിപ്പിച്ച് 10 ശതമാനം ബ്രാഹ്മണരെയും, 7 ശതമാനം താക്കൂർമാരെയും, 30 ശതമാനം യാദവ ഇതര ഒ.ബി.സി വിഭാഗത്തെയും ദളിതരെയും ഒന്നിച്ച് ചേർത്തുള്ള തന്ത്രം മെനയുകയാണ് ബി.ജെ.പി. 2017ൽ ഈ തന്ത്രം വിജയിച്ചു. സംസ്ഥാനത്തെ 86 ദളിത് മണ്ഡലങ്ങളിൽ 76 ഉം ബി.ജെ.പി നേടിയിരുന്നു. മുസ്ലിം വോട്ടുകൾ വിഭജിക്കാനുള്ള നീക്കവുമുണ്ട്.
ലഖിംപൂർ ഖേരി
സമരം ചെയ്ത കർഷകരെ വാഹനമിടിപ്പിച്ച് കൊല ചെയ്ത ലഖിംപൂർ ഖേരി ഉൾപ്പെടെയുള്ള മേഖലകളിലെ 5 നിയമസഭാ സീറ്റുകളും 2017 ൽ നേടിയത് ബി.ജെ.പിയാണ്. അജയ് മിശ്രയെന്ന രാഷ്ട്രീയക്കാരന്റെ വിജയമായിരുന്നു അതെന്ന് നിഘാസൻ മണ്ഡലത്തിലെ ഗ്രാമത്തലവൻ റഫീഖ് അഹമ്മദ് പറയുന്നു. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറി. എസ്.പി ക്കാണ് മണ്ഡലത്തിൽ മുൻതൂക്കം. അജയ് മിശ്രയോടുള്ള സഹതാപം ഹിന്ദു ഏകീകരണവുമുണ്ടാക്കുന്നു.
മുസ്ലിം വോട്ടുകൾ
സംസ്ഥാനത്തെ മുസ്ലിം വോട്ടുകളിൽ കേന്ദ്രീകരിച്ച് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി നടത്തുന്ന പ്രചരണം വോട്ടുകളിലെ ഏകീകരണം സംബന്ധിച്ച് ചോദ്യമുയർത്തുന്നു. എസ്.പിയും ബി.എസ്.പിയും കോൺഗ്രസും മുസ്ലിം ഭൂരിപക്ഷമണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമ്പോൾ, 100 മണ്ഡലങ്ങളിൽ മത്സരിക്കാനാണ് ഒവൈസിയുടെ തീരുമാനം. ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന ഒരു ഘടകവും ഇതാണ്.