dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണസംഘം വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. . നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം പ്രഖ്യാപിച്ചതെന്നാണ് ഹർജിയിലെ ആരോപണം. 28ന് രാത്രി പരാതി ലഭിച്ചു, 29ന് രാവിലെ അന്വേഷണവും തുടങ്ങി. ഇത് നീതീകരിക്കാനാവില്ലെന്നും വിചാരണ വേഗം പൂർത്തിയക്കണമെന്നും ഹർജിയിൽ ദിലീപ് ആവശ്യപ്പെടുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ഹർജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ക്രൈംബ്രാഞ്ച്. പ്രതികൾ മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ഹാജരാക്കിയ ആറ് ഫോണുകൾ പരിശോധിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ദിലീപിന്റെ ഫോണുകൾ മജിസ്ട്രേറ്റ് കോടതി നേരിട്ട് തിരുവനന്തപുരം സൈബർ ഫോറൻസിക് ലാബിലേയ്ക്ക് അയയ്ക്കണമെന്ന് ക്രൈം ബ്രാഞ്ച് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.