
മുംബയ് : നടനും നിർമാതാവുമായ അമിതാഭ് ദയാൽ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. 51 വയസായിരുന്നു. ഭാര്യയും സിനിമാനിർമാതാവുമായ മൃണാളിനി പാട്ടീലാണ് മരണവിവരം പുറത്തുവിട്ടത്. ബുധനാഴ്ച രാവിലെ 4.30-ന് മുംബയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം മുംബയിൽ നടക്കും. ഛത്തീസ് ഗഢിൽനിന്നുള്ള ബന്ധുക്കൾ മുംബയിൽ എത്തിയാൽ അന്ത്യകർമങ്ങൾ നടക്കുമെന്ന് ഭാര്യ മൃണാളിനി പാട്ടീൽ പറഞ്ഞു. ഒരു മകളുണ്ട്.
ജനുവരി 17 ന് ഹൃദയസ്തംഭത്തെത്തുടർന്ന് അദ്ദേഹം ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ കൊവിഡ് പോസിറ്റീവാകുകയും ഭേദമാവുയും ചെയ്തിരുന്നു.
ഇൻസ്റ്റാഗ്രാമിലെ തന്റെ അവസാന പോസ്റ്റിൽ ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോയ്‌ക്കൊപ്പം "ഒരിക്കലും തളരരുത്... ദൈവം നിങ്ങൾക്ക് ഏറ്റവും മികച്ചത് നൽകാൻ കാത്തിരിക്കുന്നു, പോരാടുക. എല്ലാവരെയും സ്നേഹിക്കുക" എന്ന് അദ്ദേഹം കുറിക്കുകയും ചെയ്തിരുന്നു.
ഓം പുരിയോടൊപ്പം കഗാർ: ലൈഫ് ഓൺ ദ എഡ്ജ് (2003), ഭോജ്പുരി ചിത്രം രംഗ്ദാരി (2012), രാജ് ബബ്ബറിന്റെ ധുവാൻ (2013), അമിതാഭ് ബച്ചന്റെ വിരുദ്ധ് (2005) തുടങ്ങിയ ചിത്രങ്ങളിൽ ദയാൽ പ്രവർത്തിച്ചിട്ടുണ്ട്. പി.ആകാഷിന്റെ ദില്ലഗി...യേ ദില്ലഗി (2005) എന്ന ചിത്രത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.