sudakaran

കണ്ണൂർ:സിൽവർ ലൈനിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് അതിവേഗ റെയിൽ പാതയ്ക്ക് എതിരല്ലെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും, 65,000 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കുമെന്ന് ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചിട്ടില്ല, ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സുധാകരൻ വിമർശിച്ചു. ചെറിയ ഇടനാഴിയായ കേരളത്തിൽ വലിയ വികസനത്തിന് പരിധികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കവളപ്പാറയിൽ പ്രളയബാധിതരായവർക്ക് ഇതുവരെ വീട് വച്ച് നൽകാൻ കഴിയാത്ത സർക്കാരാണ്, ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സുധാകരൻ വിമർശിച്ചു. പദ്ധതിയെ എതിർക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയാൽ കെ റെയിലിനെ പിന്തുണയ്ക്കാമെന്ന് സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. ഇതുവരെ ചെയ്തത് നിയമ വിരുദ്ധമാണെന്ന് സർക്കാർ സമ്മതിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.