
കൊച്ചി: അടുത്ത തലമുറയെക്കൂടി മനസിൽക്കണ്ടുള്ളതും ദീർഘകാലാടിസ്ഥാനത്തിൽ വികസനം ഉറപ്പാക്കുന്നതുമായ ബഡ്‌ജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് സാമ്പത്തികലോകം ചൂണ്ടിക്കാട്ടുന്നു. ദീർഘകാലാടിസ്ഥാനത്തിൽ മൂലധനനിക്ഷേപം ഉറപ്പാക്കുകയും അടിസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്തുകയുമാണ് ബഡ്‌ജറ്റിന്റെ ഊന്നലെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും വർമ്മ ആൻഡ് വർമ്മ സീനിയർ പാർട്ണറുമായ വിവേക് കൃഷ്‌ണ ഗോവിന്ദ് പറഞ്ഞു.
ഡിജിറ്റൽ ബാങ്കിംഗ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ക്രിപ്‌റ്റോ, ഗെയിമിംഗ് തുടങ്ങി വരുംതലമുറയെ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് വലിയ പ്രാമുഖ്യമുണ്ട്. നികുതിഘടനയിൽ ആശയക്കുഴപ്പം ഒഴിവാക്കാനാകാം ഇക്കുറി ധനമന്ത്രി പരിഷ്കാരങ്ങൾ വരുത്താതിരുന്നത്. കൂടുതൽ പേർ ആദായനികുതിയുടെ ചട്ടക്കൂടിലേക്ക് വരുന്നമുറയ്ക്ക് ഇളവുകൾ നൽകിയേക്കാം. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാനുള്ള അപ്ഡേറ്റഡ് സൗകര്യം നികുതിദായകർക്ക് പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.
വികസന ബഡ്‌ജറ്റ്
ജനങ്ങൾക്ക് ഇളവുകളിലൂടെ നേരിട്ട് പണം നൽകുന്നതിന് പകരം അവരെക്കൂടി സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിച്ച് വരുമാനം ഉറപ്പാക്കാനാണ് ബഡ്‌ജറ്റിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
വരുമാനം നേടാൻ പുതുതായി സംരംഭങ്ങളിലേക്കും മറ്റും കടക്കുന്നവർക്ക് ബഡ്‌ജറ്റിൽ ധാരാളം പദ്ധതികളുണ്ട്. പുതുതലമുറയ്ക്കാണ് ഇത് നേട്ടമാവുക. രാജ്യം വികസിക്കുമ്പോൾ ഉപഭോക്തൃവാങ്ങൽ ശേഷിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണമേഖലയെ പരിഗണിച്ചില്ല
സ്വർണക്കള്ളക്കടത്ത് തടയാനായി ഇറക്കുമതി തീരുവ കുറയ്ക്കണമെന്നത് ഉൾപ്പെടെ ഒട്ടേറെ ആവശ്യങ്ങളുന്നയിച്ച സ്വർണമേഖലയെ ബഡ്‌ജറ്റിൽ പരിഗണിച്ചില്ലെന്ന് എ.കെജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. ഗോൾഡ് പാർക്ക്, ബുള്ള്യൻ ബാങ്ക് എന്നിവ തുടങ്ങണമെന്ന ആവശ്യവും ധനമന്ത്രി പരിഗണിച്ചില്ല.
ധനമന്ത്രിക്ക് നല്ല ആത്മവിശ്വാസം!
ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങി അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഉറപ്പായും വിജയിക്കുമെന്ന ആത്മവിശ്വാസം ധനമന്ത്രിക്കുണ്ടെന്ന് തോന്നുന്നുവെന്നും അതാകാം ജനപ്രിയതയ്ക്ക് പകരം വളർച്ചയ്ക്ക് ബഡ്‌ജറ്റിൽ ഊന്നൽ ലഭിച്ചതെന്നും സ്‌റ്റെർലിംഗ് ഫാം റിസർച്ച് മാനേജിംഗ് ഡയറക്‌ടർ ശിവദാസ് ബി. മേനോൻ പറഞ്ഞു.
കാർഷിക മേഖലയ്ക്ക് പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ല. എന്നാൽ, അടിസ്ഥാനസൗകര്യ വികസനം, കാർഗോ ടെർമിനൽ, ലോജിസ്‌റ്റിക്‌സ് പാർക്ക് എന്നിവ കാർഷിക മേഖലയ്ക്കും നേട്ടമാകും.
ഓഹരികൾക്ക് ഗുണകരം
മൂലധനച്ചെലവ് ഉയർത്താനും ദീർഘകാലാടിസ്ഥാനത്തിൽ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കാനുമുള്ള നടപടികൾ ഓഹരി വിപണിക്ക് കരുത്താകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്‌ടർ സി.ജെ. ജോർജ് പറഞ്ഞു. ബഡ്‌ജറ്റ് ദിനത്തിലും ഇന്നലെയും ഓഹരികൾ മുന്നേറി. വരുംദിവസങ്ങളിലും നേട്ടം തുടരാം.