
നീതിലഭ്യമാകാൻ വർഷങ്ങൾ താമസിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. അതേസമയം പലകാരണങ്ങളാൽ കേസുകൾ നീണ്ടുപോകാറുമുണ്ട്. ഒരാളെ കുറ്റവാളിയെന്ന് വിധിക്കുന്നതിന് മുമ്പ് വസ്തുതകളും തെളിവുകളും ഇരുപക്ഷത്തിന്റെ വാദങ്ങളും മറ്റും വിശദമായി കോടതി വിലയിരുത്തേണ്ടതുണ്ട്. ഇരയ്ക്ക് എന്നതുപോലെ പ്രതിക്കും അവകാശങ്ങളുണ്ട്. ഇതെല്ലാം കോടതിക്ക് കണക്കിലെടുക്കേണ്ടി വരുമ്പോൾ അതിന്റേതായ സമയം വേണ്ടിവരും.
കേസുകൾ പലകാരണങ്ങളാൽ മാറ്റിവയ്ക്കപ്പെടുന്നതാണ് നീതി വെെകാനുള്ള പ്രധാന കാരണം. കോടതിയിലെ കേസുകളുടെ എണ്ണം കൂടിവരുമ്പോൾ സ്വാഭാവികമായും കേസുകൾ ഒച്ചിന്റെ വേഗതയിലേ മുന്നോട്ട് പോകൂ. ഇതൊഴിവാക്കാനാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ വന്നത്. പക്ഷേ അപ്പോഴേക്കും കേസുകളുടെ എണ്ണം വളരെയധികം കൂടിയതുകൊണ്ട് പ്രതീക്ഷിച്ച ഫലമുണ്ടായില്ല. പ്രത്യേക കേസുകൾക്ക് പ്രത്യേക കോടതി എന്ന ആശയത്തിന്റെ ലക്ഷ്യവും കേസുകൾ വേഗത്തിൽ പൂർത്തീകരിക്കുക എന്നതുതന്നെയാണ്. എല്ലാ സംസ്ഥാനങ്ങളിലും പോക്സോ കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് അത് തീർക്കാൻ ആവശ്യമായത്രയും പോക്സോ കോടതികൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഫലമായിട്ടാണ് കേരളത്തിൽ 28 പുതിയ പോക്സോ കോടതികൾ സ്ഥാപിക്കുമെന്ന അറിയിപ്പുണ്ടായത്. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളും മാനഭംഗക്കേസുകളും വേഗത്തിൽ തീർപ്പാക്കാൻ 28 അഡിഷണൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ പോക്സോ കേസുകൾ കെെകാര്യം ചെയ്യുന്നതിന് മാത്രം സംസ്ഥാനത്ത് 56 അതിവേഗ കോടതികൾ ഉണ്ടാകും. നിലവിലെ പോക്സോ കോടതികളിലെ സ്റ്റാഫ് പാറ്റേണും നിയമന രീതിയുമാവും പുതിയവയ്ക്കും. കോടതികൾ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകൾ അനുവദിക്കും. ജില്ലാ ജഡ്ജ്,സീനിയർ ക്ലാർക്ക് , ബെഞ്ച് ക്ളാർക്ക് എന്നിവരുടേത് സ്ഥിരം തസ്തികകളും മറ്റുള്ളവ കരാർ അടിസ്ഥാനത്തിലുമായിക്കും. കോടതികൾ ആരംഭിക്കാനും തസ്തികകൾ അനുവദിക്കാനും സമയമെടുക്കാനുള്ള സാദ്ധ്യത വളരെയേറെയാണ്. അത് പോക്സോ കോടതിയുടെ കാര്യത്തിൽ ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ സർക്കാരിന്റെയും ഹെെക്കോടതിയുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
സംസ്ഥാനത്ത് പതിനായിരത്തിലേറെ പോക്സോ കേസുകൾ വിചാരണ കാത്തുകിടപ്പുണ്ട്. കൂടാതെ പ്രതിവർഷം മൂവായിരം മുതൽ നാലായിരം വരെ പോക്സോ കേസുകൾ അധികമായി രജിസ്റ്റർ ചെയ്യപ്പെടുന്നു. ഇപ്പോൾ ഇത്തരം കേസുകളുടെ വിചാരണപൂർത്തിയാക്കി വിധിപറയാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ സമയമെടുക്കുന്നുണ്ട്. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 457 കേസുകൾ. തിരുവനന്തപുരം റൂറലാണ് രണ്ടാംസ്ഥാനത്ത്. 318 കേസുകൾ. വിചാരണ കാത്തുകിടക്കുന്ന കേസുകളുടെ എണ്ണവും ഇൗ ജില്ലകളിലാണ് കൂടുതൽ. അതേസമയം കുട്ടികളെ പീഡിപ്പിച്ചെന്ന വ്യാജകേസുകളുടെ എണ്ണവും കൂടി വരുന്നുണ്ട്. വിചാരണ പൂർത്തിയാക്കി വിധിപറയുന്ന കേസുകളിൽ പത്തുശതമാനം വരെ ഇത്തരം കേസുകളാണെന്ന് അഭിഭാഷകർ പറയുന്നു. വിവാഹമോചന കേസുകളിൽ കുട്ടികളെ വിട്ടുകൊടുക്കുന്നത് തടയാനും പോക്സോ കേസുകൾ വ്യാജമായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. അതിനാൽ പോക്സോ കേസ് അന്വഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക പരീശീലനം നൽകുന്നത് നന്നായിരിക്കും. 28 പോക്സോ കോടതികൾ സ്ഥാപിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അനുമതി നൽകിയ സ്ഥിതിക്ക് ചുവപ്പുനാടയുടെ അമാന്തം ഒഴിവാക്കി എത്രയും വേഗം നടപ്പിലാക്കണം.