
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2019 ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രധനമന്ത്രിയുടെ കത്തുകളുമായാണ് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് മറുപടി നൽകിയത്.
തത്വത്തിൽ അംഗീകാരമില്ലാതെ ഇത്രയും വലിയ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. പാർലമെന്റിൽ നിന്ന് ഉണ്ടായത് സാധാരണ മറുപടിയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തെറ്റിദ്ധാരണ പരത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വന്ദേഭാരതിൽ' ബി ജെ പി നേതാക്കൾക്കുള്ള സംശയം കോൺഗ്രസ് നേതാക്കൾക്ക് ഇല്ലാത്തത് വൈരുദ്ധ്യമാണെന്നും ധനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും, ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധാകരൻ വിമർശിച്ചിരുന്നു.