
50 വർഷം പ്രായമായ ബംഗ്ലാദേശിന്റെ അനുഭവങ്ങൾ വിസ്മയകരമാണ്. 1972 ൽ സ്വതന്ത്ര രാഷ്ട്രമാകുമ്പോൾ അത് കൊടിയ സാമൂഹിക സാമ്പത്തിക വ്യഥകളുടെ നടുവിലായിരുന്നു. പാക്കിസ്ഥാന്റെ 25 വർഷം നീണ്ട അവഗണനയും ചൂഷണവും ഈ പ്രദേശത്തിന്റെ വളർച്ചയെ പിന്നോട്ടടിച്ചിരുന്നു. ഒരുപാട് രക്തവും വിയർപ്പും കണ്ണീരും ഒഴുകിയ ഒൻപത് മാസത്തെ, വിമോചനയുദ്ധം അവസാനിക്കുമ്പോൾ രാജ്യം തകർച്ചയുടെ വക്കിലായി. ജനങ്ങളിൽ 80 ശതമാനവും ദരിദ്രർ; ആളോഹരി വരുമാനത്തിൽ പാകിസ്ഥാനേക്കാൾ 61ശതമാനത്തിന്റെ കുറവ്; വികസനത്തിന്റെ താഴെത്തട്ടിലായിരുന്ന രാജ്യത്തിന്റെ വളർച്ചാനിരക്ക് പൂജ്യത്തിനും താഴെ. മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന മറ്റ് സാമൂഹിക വികസന കാര്യങ്ങളിലും സ്ഥിതി പരിതാപകരമായിരുന്നു. എന്നാൽ അരനൂറ്റാണ്ടിനിടയിൽ, പ്രത്യേകിച്ച് കഴിഞ്ഞ 15 വർഷങ്ങൾക്കുള്ളിൽ, അതെല്ലാം മാറിമറിഞ്ഞു; കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളിലൂടെ തെക്കൻ ഏഷ്യയിലെ താരമാകാൻ ബംഗ്ലാദേശിന് കഴിഞ്ഞിരിക്കുന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ അനുപാതമിപ്പോൾ 20 ശതമാനമായി കുറഞ്ഞു. ഇന്ത്യയെയും പാക്കിസ്ഥാനെയും അപേക്ഷിച്ച് പട്ടിണി കുറവായ പ്രദേശമാകാൻ ബംഗ്ലാദേശിന് കഴിഞ്ഞു. അതുപോലെ ആളോഹരി വരുമാനത്തിലും ഈ രാജ്യങ്ങളേക്കാൾ മേലെയാണ് ബംഗ്ലാദേശിന്റെ നില. പാക്കിസ്ഥാനികളുടെ ശരാശരി വരുമാനത്തേക്കാൾ 62 ശതമാനവും ഇന്ത്യക്കാരുടെതിനേക്കാൾ 15 ശതമാനവും ഉയരത്തിലാണ് ഇന്നത്തെ ബംഗ്ലാദേശികളുടെ ശരാശരി വരുമാനം. മദ്ധ്യനിരയിലുള്ള രാഷ്ട്രമായി ഉയർന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശിന്റെ സാമ്പത്തിക വളർച്ചാനിരക്ക് 2019ൽ 8.1ശതമാനമായി; മഹാമാരിക്കാലത്ത് ഇടിഞ്ഞെങ്കിലും 5.2ശതമാനമെന്ന ഭേദപ്പെട്ട നിരക്ക് കൈവരിക്കാനായി.
സാമൂഹിക മനുഷ്യ വികസനകാര്യങ്ങളിൽ തിളക്കമാർന്ന മാറ്റങ്ങളാണുണ്ടായത്. 1981ൽ 29 ശതമാനമായിരുന്ന സാക്ഷരതാനിരക്ക് ഇപ്പോൾ 75 ശതമാനമാണ്. പ്രാരംഭകാലത്തുണ്ടായിരുന്ന 46.6 വർഷമെന്ന ആയുർദൈർഘ്യം ഇന്ന് 72.6 വർഷമായി ഉയർന്നിരിക്കുന്നു. മനുഷ്യവിഭവ വികസന സൂചികയിൽ ഇന്ത്യയ്ക്ക് അല്പം പിറകിലാണെങ്കിലും വർഷംപ്രതി അത് ഉയർന്നുകൊണ്ടിരിക്കുകയാണ്.
സ്ത്രീകളുടെ അന്തസ് ഉയർത്തുന്ന തലങ്ങളിൽ ബംഗ്ലാദേശിനുണ്ടായത് ശബളമായ നേട്ടങ്ങളാണ്. തൊഴിലിടങ്ങളിലെ സ്ത്രീസാന്നിധ്യം ഗണ്യമായി ഉയർത്താൻ കഴിഞ്ഞു. 1974ൽ മൊത്തം തൊഴിലെടുക്കുന്നവരുടെ 3.8ശതമാനം മാത്രമായിരുന്നു സ്ത്രീപങ്കാളിത്തം. 2020 ൽ അത് 45ശതമാനമായി ഉയർന്നു . സ്ത്രീജനങ്ങളിൽ, പണിയെടുക്കുന്നവരുടെയും തൊഴിലന്വേഷിക്കുന്നവരുടെയും മൊത്തം അനുപാതം 40 ശതമാനമാണ്; ഇന്ത്യയിലിത് 22.3 ശതമാനം മാത്രമാണ്. സ്ത്രീപുരുഷ അസമത്വം താരതമ്യേന കുറവായ രാജ്യമാണിത്. സ്ത്രീകളുടെ പ്രത്യുത്‌പാദന നിരക്ക് ഗണ്യമായി താഴ്ത്താൻ ഈ രാജ്യത്തിന് കഴിഞ്ഞു.1971ൽ ഒരു വനിതയ്‌ക്ക് ഏഴ് മക്കളെന്ന നിലയിലായിരുന്നു. 2019 ൽ അത് രണ്ടു മക്കൾ എന്ന നിലയിലായി.
ബംഗ്ലാദേശിന്റെ അതിശയകരമായ അഭിവൃദ്ധിയുടെ കാരണങ്ങൾ തേടിയുള്ള അന്വേഷണങ്ങളിൽ കണ്ടെത്തിയ ചില പ്രധാന ഘടകങ്ങൾ ഇനി പറയുന്നവയാണ്. ഈ രാജ്യത്തിന്റെ മനുഷ്യവികസന വിജയങ്ങളിൽ പൊതുസമൂഹവും സർക്കാരിതര സംഘടനകളും വഹിച്ച പങ്ക് നിർണായകമായെന്നാണ് പാക്കിസ്ഥാനിലെ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഇർഷാദ് ഹുസൈൻ രേഖപ്പെടുത്തുന്നത്. ഭരണകൂട ഏർപ്പാടുകളുടെ പോരായ്മകളും വിടവുകളും നികത്താനും, അതിന് താങ്ങായിത്തീരാനും ഇവരുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിൽ മൈക്രോ വായ്പ സംവിധാനങ്ങൾ വലിയ സംഭാവനകൾ നൽകി. സംസ്‌കാരത്തിന്റെ ഏകരൂപസ്ഥിതി ബംഗ്ലാദേശിന്റെ വികസനത്തെ തുണച്ചെന്ന് അദ്ദേഹം പറയുന്നു.
സേവനമേഖല സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ രംഗമാണെങ്കിലും (52ശതമാനം) ചടുലമായൊരു വ്യവസായമേഖല പടുത്തുയർത്തുന്നതിലും വികസിപ്പിച്ചെടുക്കുന്നതിലും (35ശതമാനം) ബംഗ്ലാദേശ് വിജയിച്ചു. ഇതിലൂടെ കാർഷികമേഖലയിൽ നിന്നും ദശലക്ഷക്കണക്കിന് തൊഴിലാളികളെ, ഉയർന്ന കൂലി ലഭിക്കുന്ന, വ്യവസായ മേഖലയിലെത്തിക്കാനും കഴിഞ്ഞു. വസ്ത്രനിർമാണരംഗമാണ് തൊഴിലിലും കയറ്റുമതിയിലുമുള്ള ഏറ്റവും പ്രമുഖമായ ഇടം. രാഷ്ട്രീയ കലഹങ്ങളും മാറ്റങ്ങളുമുണ്ടായെങ്കിലും നയങ്ങളിലെ തുടർച്ച വളർച്ചയ്ക്ക് ഗുണകരമായി. വിദേശവ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും തുറകളിൽ തുറന്ന സമീപനമാണുണ്ടായത്. പൊതുവിൽ ധനപരമായ സുസ്ഥിരതയും അച്ചടക്കവും കാത്തുസൂക്ഷിക്കാൻ ഭരണസംവിധാനങ്ങൾക്ക് കഴിഞ്ഞു. നേട്ടങ്ങൾ അനവധിയാണെങ്കിലും വീഴ്ചകളുമുണ്ടായി. സാമ്പത്തിക അസമത്വങ്ങൾ കഠിനമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഴിമതിയുടെ കാര്യത്തിലും രാജ്യം പിന്നിലല്ല . തൊഴിലാളികളും പരിസ്ഥിതിയും വലിയ ചൂഷണത്തിന് വിധേയമാകുന്നുണ്ട്. രാഷ്ട്രീയസ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നു എന്ന വിമർശനവും നിലനിൽക്കുന്നു.
എന്തായാലും, ബംഗ്ലാദേശ് ജനിച്ചപ്പോൾ, അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന, ഹെൻട്രി കിസിഞ്ചർ നടത്തിയ പ്രവചനം ഫലിക്കാതെ പോയിരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ 'ഒരു കുപ്പത്തൊട്ടി കേസാണ് ' ബംഗ്ലാദേശെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാലിപ്പോൾ വികസനത്തിന്റെ മാതൃകയായി ആഗോളതലത്തിൽ തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്ന രാഷ്ട്രമായി അത് വളർന്നിരിക്കുന്നു.