
കാൻസർ ടെക്നോളജി എത്ര വളർന്നാലും മനുഷ്യർ ഭീതിയോടെ നേരിടുന്ന രോഗം. വലിയവർക്ക് വന്നാൽ തന്നെ താങ്ങാനാകാത്ത ആ രോഗം കുഞ്ഞുങ്ങളെയാണ് തേടി എത്തുന്നതെങ്കിലോ? അത്തരമൊരു വാർത്ത കേൾക്കാൻ ഒരു അച്ഛനും അമ്മയും ആഗ്രഹിക്കില്ല. പക്ഷേ അത്തരം യാഥാർത്ഥ്യങ്ങൾ മുന്നിൽ വന്നാൽ നേരിട്ടേ മതിയാകൂ. ഇന്ത്യയിൽ പ്രതി വർഷം 80,000 കുട്ടികൾ കാൻസർ ബാധിതരാകുന്നുവെന്നാണ് ഏകദേശ കണക്ക്. കുട്ടികളിൽ കാൻസർ വരാനുള്ള പ്രധാന കാരണം ജനിതക തകരാറാണ്. രക്താർബുദം, ബ്രെയിൻട്യൂമർ, ലിംഫിനോഡ്സ് (ശരീരത്തിലെ മറ്റ് അവയവങ്ങളിൽ നിന്നുണ്ടാകുന്ന ട്യൂമർ) എന്നിവയാണ് പ്രധാനമായും കുട്ടികളിൽ കണ്ടുവരുന്ന കാൻസറുകൾ.
ചില രാസപദാർത്ഥങ്ങളുടെ അമിത ഉപയോഗം, പാരമ്പര്യം, ജനിതക തകരാറുകൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടാണ് കുട്ടികളിൽ കാൻസർ വരുന്നത്. എന്നാൽ, കുട്ടികളിലെ കാൻസറിന് നേരിട്ടുള്ള കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാനാവില്ല. പാരമ്പര്യമാണെങ്കിൽ കുഞ്ഞ് ജനിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ രോഗം കണ്ടെത്തുന്ന അവസ്ഥയുണ്ട്. ഇടയ്ക്കിടെ വരുന്ന പനി, ശരീരത്തിൽ കാണപ്പെടുന്ന കഴലകൾ പോലുള്ള ചില വളർച്ച, അനീമിയ (വിളർച്ച) ഇതൊക്കെ കാൻസറിലേക്ക് നയിക്കുന്ന ലക്ഷണങ്ങളാണ്. എന്നാൽ, ഇതെല്ലാം കാൻസറായിക്കൊള്ളണമെന്നുമില്ല. അതും കുഞ്ഞുങ്ങളിലെ കാൻസർ കണ്ടെത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളാണ്. ചില കാര്യങ്ങളിൽ നമ്മൾ ശ്രദ്ധ പുലർത്തിയാൽ കുഞ്ഞുങ്ങളിലെ കാൻസർ ബാധിതരുടെ എണ്ണത്തെ കുറച്ചുകൊണ്ടുവരാൻ കഴിയും.
ശ്രദ്ധിക്കാം ഇവയൊക്കെ
. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക
. പഞ്ചസാരയുടെ അമിത ഉപയോഗം വേണ്ട
. നിറവും മധുരവുമല്ല ഭക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങൾ
. അമിത വണ്ണം കുറയ്ക്കുക
. പഴവും പച്ചക്കറികളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
. ആപ്പിൾ കഴുകി വൃത്തിയാക്കി തോലുകളഞ്ഞ് കഴിക്കാൻ കൊടുക്കുക
. മുന്തിരി പോലുള്ളവ വിനാഗിരിയിട്ട് കഴുകി ഉപയോഗിക്കുക
. പഴവും പച്ചക്കറികളും കഴുകാൻ നിരവധി ഉത്പന്നങ്ങൾ വിപണിയിലുണ്ട് അവ ഉപയോഗിക്കുക
. കുട്ടികളെ വ്യായാമം ചെയ്യാനും കളികളിൽ ഏർപ്പെടാനും പ്രേരിപ്പിക്കുക
. പല കുട്ടികളുടെയും ജീവിതം ഇന്ന് ടിവിയുടെയും ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മോണിറ്ററിനു മുന്നിലാണ്. അവരെ പ്രകൃതിയിലേക്ക് കൂട്ടിക്കൊണ്ടു വരിക
. ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാൻ ഏറ്റവും അത്യാവശ്യം ആരോഗ്യമുള്ള മാതാപിതാക്കളാണ്. അതിനാൽ മാതാപിതാക്കളും ആരോഗ്യകരമായ ജീവിതവും ഭക്ഷണവും പിന്തുടരുക തന്നെയാണ് പരമപ്രധാനം
( ലേഖിക ആർ.സി.സിയിലെ പീഡിയാട്രിക് ഓങ്കോളജി വിഭാഗം മുൻ മേധാവിയും
റിട്ട. അഡീഷണൽ ഡയറക്ടറുമാണ്.) തയ്യാറാക്കിയത്: ആശാ മോഹൻ