
ഹൈദരാബാദ്: കുടുംബസ്വത്തിന്റെ പേരിലുണ്ടായ തർക്കത്തിൽ സഹോദരിയെ തീകൊളുത്തി കൊന്നു. തെലങ്കാന മേദക് ജില്ലയിലെ വാദിയാരം ഗ്രാമത്തിലാണ് സംഭവം നടന്നത്. 36കാരിയായ വരലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ഉപേക്ഷിച്ച് പോയ ശേഷം വർഷങ്ങളായി കുടുംബവീട്ടിലാണ് രണ്ട് കുട്ടികളുമായി വരലക്ഷ്മി താമസിച്ചിരുന്നത്. മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ ഭൂമി പങ്കിടുന്നത് സംബന്ധിച്ച് വരലക്ഷ്മിയും ഇളയ സഹോദരി രാജേശ്വരിയും തമ്മിൽ നിരന്തരം തർക്കമായിരുന്നു. തിങ്കളാഴ്ചയും ഇവർ തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ രാജേശ്വരി കൈയിൽ കരുതിയിരുന്ന പെട്രോൾ വരലക്ഷ്മിയുടെ ശരീരത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കത്തിപ്പടരുന്നതിനിടെ വരലക്ഷ്മി രാജേശ്വരിയെ പിടിച്ചു. രാജേശ്വരിയ്ക്കും പൊള്ളലേറ്റു.
അയൽവാസികളാണ് തീ അണച്ചതും ഇരുവരെയും ആശുപത്രിയിലേയ്ക്ക് എത്തിച്ചതും. ചൊവ്വാഴ്ചയാണ് വരലക്ഷ്മി കൊല്ലപ്പെട്ടത്. 80ശതമാനം പൊള്ളലേറ്റ രാജേശ്വരിയുടെ നിലയും ഗുരുതരമായി തുടരുകയാണ്.