
പതിനൊന്നാം വയസു മുതൽ സംഗീതത്തോട് കമ്പം. എന്നാൽ സംഗീതം പഠിച്ചിട്ടില്ല. മലയാളത്തിൽ കവിതകൾ എഴുതി കലാജീവിത്തിന് തുടക്കമിട്ടു. ഒറ്റ മകനായിരുന്നതിനാൽ പാട്ട് കേൾക്കാനും എഴുതാനും ഒരുപാട് സമയമുണ്ടായിരുന്നു . കമ്പ്യൂട്ടറിൽ മൈക്കിൾ ജാക്സണിന്റെയും ബാക്ക്സ്ട്രീറ്റ് ബോയ്സിന്റെയും ഗാനങ്ങൾ കണ്ടെത്തി. ആ ഗാനങ്ങൾ വെസ്റ്റേൺ സംഗീത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തനിക്കും ലോകം അറിയപ്പെടുന്ന സംഗീതജ്ഞൻ ആകണമെന്ന് അതിയായി ആഗ്രഹിച്ചു. അതിനായി പരിശ്രമിച്ചു. അങ്ങനെ തിരുവനന്തപുരം ജില്ലയിലെ കല്ലാറിന്റെ ഗ്രാമപശ്ചാത്തലത്തിൽ നിന്നും പാശ്ചാത്യസംഗീത ലോകത്തേക്ക് ജിനദേവൻ ഹാസു എന്ന ചെറുപ്പക്കാരൻ ചുവടുറപ്പിക്കാൻ തീരുമാനിച്ചു.
ബി.എ ഇംഗ്ലീഷ് ഡിഗ്രി പഠിക്കുമ്പോഴും അവന്റെ ചിന്തകളിൽ മുഴുവൽ സംഗീതമായിരുന്നു. പഠനം മതിയാക്കി പാട്ടിലേക്ക് തിരിഞ്ഞപ്പോൾ വീട്ടുകാരും നാട്ടുകാരും എല്ലാം കുറ്റപ്പെടുത്തി. ആ ഇടയ്ക്ക് വിഷാദരോഗം ബാധിച്ച ജിനദേവൽ തിരികെയെത്തിയത് സംഗീതം എന്ന ഒറ്റ ലക്ഷ്യത്തിലൂടെയാണ്. അങ്ങനെ ഒരു കൂട്ടം സുഹൃത്തുക്കളുമായി ചേർന്ന് ജിനദേവൻ തന്റെ കവിതകൾ മ്യൂസിക് വീഡിയോക്കി മാറ്റി. പാട്ട് എഴുതുന്നതും സംഗീതം കൊടുക്കുന്നതും നിർമ്മിക്കുന്നതുമെല്ലാം ജിനദേവൻ തന്നെയാണ്. അമേരിക്കൻ വീഡിയോ ഹോസ്റ്റിംഗ് സേവനമായ വീവോ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ, സംഗീത വീഡിയോകളായ ഡെസ്റ്റിനേഷൻ, റിമോഴ്സ് എന്നിവ വെരിഫൈ ചെയ്തത് ഒരു വലിയ നേട്ടമായാണ് കാണുന്നത്.
വൈകാതെ തന്നെ കൂട്ടുകാരുമായി ചേർന്ന് ഇനിക്ഷ്യൽ (INIXIAL) എന്ന പേരിൽ 'ആന്റിബ്യൂട്ടി" എന്ന ഒരു ആൽബം പുറത്തിറക്കി. ചില പഴയ പാട്ടുകൾക്കൊപ്പം പുതിയ പുതിയ ട്രാക്കുകളും ചേർന്നതാണ് ആന്റിബ്യൂട്ടി ആൽബം. ഇനിക്ഷ്യൽ എന്ന പേരിന്റെ ശരിക്കുമുള്ള അർത്ഥം വെളിപ്പെടുത്തുന്നത് തന്റെ സംഗീതത്തിലൂടെയാണെന്നും മുഴുവനായുള്ള അർത്ഥം മനസിലാക്കാൻ ഇനിയും സമയമെടുക്കുമെന്നുമാണ് ജിനദേവൻ പറയുന്നത്. നാട്ടുകാരുടെ സമീപനത്തിൽ മാറ്റം വന്നിട്ടില്ലെങ്കിലും വീട്ടുകാർ തന്റെ സംഗീതത്തെ അംഗീകരിക്കുന്നതിന്റെ സന്തോഷമുണ്ട് ജിനദേവന്. കൂടാതെ ചെറിയ രീതിയിൽ സാമ്പത്തുക സഹായവും അച്ഛൻ നൽകാറുണ്ടെന്ന് പറയുന്നു.
''ആൽബം ചെയ്ത് തുടങ്ങിയത് ഇംഗ്ലീഷ് ഗാനങ്ങളിലൂടെയാണ്. ഇംഗ്ലീഷ് ഗാനങ്ങൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഒരുപാട് പേര് കേട്ടു. മലയാളത്തിൽ ചെയ്ത വേര് എന്ന ഗാനവും ഉർവി എന്ന തമിഴ് ഗാനവും പുറത്തിറക്കിയപ്പോഴാണ് ഇവിടുത്തെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരു രീതിയിലുമുള്ള പ്രൊമോഷൻ ഇല്ലാതെയാണ് മ്യൂസിക് വീഡിയോകളെല്ലാം ചെയ്തത്. കാരണം അതിനുള്ള ഫണ്ടില്ലായിരുന്നു. ഞാൻ കടന്നുപോയ അവസ്ഥകൾ കാണിക്കാനായി എന്റെ വ്യക്തിത്വത്തിന്റെ മറുവശമെന്നോണമാണ് ഇനിക്ഷ്യൽ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ഒരു സന്ദേശം കൊടുക്കുക എന്നതിലുപരി ഇതാണ് യാഥാർത്ഥ്യം എന്നു കാണിക്കുന്നതാണ് എന്റെ വീഡിയോകൾ.""
ഇനിയും നിരവധി വീഡിയോകൾ ചെയ്യാനായുള്ള ടീം ഉണ്ടെങ്കിലും പ്രൊഡ്യൂസ് ചെയ്യാനായി പ്രൊഡക്ഷൻ ഹൗസിനായുള്ള അന്വേഷണത്തിലാണ് ഇപ്പോൾ. എന്നാലും പിന്നോട്ടേക്കില്ലാതെ തന്റെ ആഗ്രഹം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ജിനദേവൻ.