veena-george

വീണാ ജോർജ്

കൊവിഡ് മഹാമാരിയുടെ കാലത്ത് കാൻസർ രോഗികൾക്കായി വീടിനടുത്തു തന്നെ കാൻസർ ചികിത്സകൾ ഉറപ്പാക്കാൻ കഴിഞ്ഞു. രോഗം പകരുന്ന ഇൗ കാലഘട്ടത്തിൽ അവർ ദീർഘദൂരം യാത്ര ചെയ്ത് ആർ.സി.സിയിലും മെഡിക്കൽ കോളേജുകളിലും വരുന്ന ബുദ്ധിമുട്ട് ഇതിലൂടെ ആരോഗ്യവകുപ്പ് ഒഴിവാക്കി കൊടുത്തു. കാൻസർ രോഗികൾക്ക് ചികിത്സ കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ജില്ലകൾ തോറും കാൻസർ കെയർ സെന്ററുകൾ ആരംഭിച്ചു. വിവിധ ജില്ലകളിലായി 24 കേന്ദ്രങ്ങളിൽ നിന്ന് കാൻസർ രോഗ ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു. ജില്ലാ കാൻസർ കെയർ സെന്ററുകൾ വഴി കീമോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.

പ്രതിവർഷം 60,000 ഓളം കാൻസർ രോഗികളാണ് സംസ്ഥാനത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്നത്. അതുകൊണ്ടു തന്നെ കാൻസർ രോഗികളുടെ ചികിത്സയ്ക്കായി ക്രിയാത്മകമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. അതിനായി ആരോഗ്യവകുപ്പ് കാൻസർ സ്ട്രാറ്റജി ആക്ഷൻ പ്ളാൻ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രോഗ നിയന്ത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി കാൻസർ ബോർഡിന് രൂപം നൽകി. ഇതിലൂടെ കാൻസർ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തു. കാൻസർ ചികിത്സയ്ക്കെന്നപോലെ പ്രതിരോധത്തിനും ബോധവത്കരണത്തിനും തുല്യ പ്രാധാന്യം നൽകുന്നതിനും ആരോഗ്യ വകുപ്പ് ശ്രദ്ധ പുലർത്തുന്നുണ്ട്.