
'സംഘട്ടനം ത്യാഗരാജൻ', എത്രയധികം സിനിമകളിലാണ് ഈ പേര് നമ്മൾ കണ്ടിട്ടുള്ളതല്ലേ? ആറു പതിറ്റാണ്ടിലധികമായി ത്യാഗരാജൻ മാസ്‌റ്റർ ഇന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിൽക്കുകയാണ്. മലയാളികൾക്ക് എന്നും അഭിമാനമാണ് സ്ഫടികം എന്ന മോഹൻലാൽ ചിത്രം. സ്ഫടികത്തിന്റെ സംഘട്ടനം നിർവഹിച്ചതും ത്യാഗരാജൻ ആയിരുന്നു. വളരെ റിസ്‌കുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തിൽ ഉടനീളമുണ്ടായിരുന്നത്. ജീവൻ പണയം വച്ച് മോഹൻലാൽ ചെയ‌്ത അതിലെ രംഗത്തെ കുറിച്ച് ഓർക്കുകയാണ് നടൻ മണിയൻപിള്ള രാജു.ജീവിത്തിൽ ആദ്യമായി ത്യാഗരാജൻ മാസ്‌റ്റർ മോഹൻലാലിനെ വഴക്ക് പറഞ്ഞത് അന്നാണെന്നും രാജു പറയുന്നു.
മണിയൻപിള്ള രാജുവിന്റെ വാക്കുകൾ-
'ചങ്ങനാശ്ശേരി മാർക്കറ്റിൽ മോഹൻലാൽ ജീപ്പ് ഓടിച്ചുകൊണ്ടുവരുന്നു. ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും മോഹൻലാൽ ചാടുകയും പൊലീസുകാരനെയും കൊണ്ട് ജീപ്പ് വെള്ളത്തിൽ വീഴുന്നതുമാണ് സീൻ. അതിനു വേണ്ടിയുള്ള ക്രമീകരണങ്ങളൊക്കെ സ്‌റ്റണ്ട് മാസ്‌റ്ററായ ത്യാഗരാജൻ ചെയ‌്തിട്ടുണ്ട്. ഇങ്ങനെയുള്ള സീൻ ചെയ്യുമ്പോൾ പവറുള്ള പെട്രോൾ ജീപ്പ് കൊണ്ടുവരണം. പക്ഷേ അന്ന് എവിടുന്നോ കൊണ്ട് വന്നത് ഡീസൽ ജീപ്പായിരുന്നു. ആക്ഷൻ പറഞ്ഞതും മാസ്‌റ്റർ പറഞ്ഞുവച്ചതിനപ്പുറമാണ് മോഹൻലാൽ ചാടിയത്. സീൻ ഭയങ്കര ഭംഗിയായിരുന്നെങ്കിലും അതീവ റിസ്‌കായിരുന്നു. ത്യാഗരാജൻ മാസ്‌റ്റർ ആദ്യമായിട്ട് മോഹൻലാലിനോട് ദേഷ്യപ്പെട്ടത് അന്നായിരുന്നു. നിന്നെപ്പോലൊരാളുടെ ഉയിര് പോയിരുന്നെങ്കിൽ ഞാൻ എന്തുചെയ്യുമായിരുന്നു? എന്ത് റിസ്‌കാണത്? ഫൈറ്റേഴ്‌സ് പോലും ചെയ്യാത്തതല്ലേ? നേരത്തെ ചാടാൻ പറഞ്ഞിരുന്നതല്ലേ? മാസ്‌റ്റർ ലാലിനോട് ചോദിച്ചു'.