dosa-

ന്യൂഡൽഹി: നമുക്കെല്ലാം വളരെ സുപരിചിതമായ ഒന്നാണ് ദോശ. ദോശയിൽ തന്നെ പല വെറൈറ്റികളുണ്ടെന്നും നമുക്കറിയാം. അത്തരം ഒരു വെറൈറ്റി ദോശയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ന്യൂഡൽഹിയിലെ ഉത്തരം നഗറിലെ ഒരു ഹോട്ടലിലാണ് ഈ സ്പെ‌ഷ്യൽ ദോശ. പത്തടിയാണ് ഈ കൂറ്റൻ ദോശയുടെ നീളം. തീർന്നില്ല, ഈ ദോശ മുഴുവൻ കഴിച്ചു തീർക്കുന്നയാൾക്ക് 71,000 രൂപ ക്യാഷ് പ്രൈസും ഉണ്ടത്രെ.!

പക്ഷേ, ഈ ദോശ കഴിച്ച് ക്യാഷ് പ്രൈസ് സ്വന്തമാക്കുക എന്നത് അത്ര ഏളുപ്പമുള്ള കാര്യമല്ല. 40 മിനിറ്റിനുള്ളിലാണ് ഈ ദോശ കഴിച്ചു തീർക്കേണ്ടത്. ഈ സമയം കൊണ്ട് കൂറ്റൻ ദോശ ഒറ്റടിയ്ക്ക് ഒരാൾക്ക് കഴിക്കാൻ കഴിയുമോ എന്ന് തന്നെ സംശയമാണ്. ഈ കൂറ്റൻ ദോശ തയാറാക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വട്ടത്തിൽ ഓരോ ദോശകളായി നീളൻ പാനിലൊഴിച്ച് അതിനെ കൂട്ടിച്ചേർത്താണ് പത്തടി നീളത്തിലാക്കുന്നത്. ദോശയുടെ ഉള്ളിൽ നല്ല ഒന്നാന്തരം ഉരുളക്കിഴങ്ങ് മസാലയുമുണ്ട്. റോൾ ചെയ്തെടുത്ത ദോശയ്ക്ക് മുകളിൽ ചീസ് ചേർത്തിട്ടുണ്ട്. സാമ്പാർ, ചട്‌നി, ആലു മസാല എന്നുവേണ്ട രുചിയൂറും കറികൾ വേറെയും. 1,500 രൂപയാണ് ഈ ദോശയുടെ വില.