
വാഷിംഗ്ടൺ:ഗാൽവനിൽ ഇന്ത്യൻ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനികനെ ബീജിംഗ് ഒളിമ്പിക്‌സിന്റെ ദീപശിഖയേന്താൻ നിയോഗിച്ച ചൈനയുടെ നടപടി ലജ്ജാവഹമെന്ന് അമേരിക്ക. ഗാൽവൻ ഏറ്റുമുട്ടലിൽ പരിക്കേറ്റ പീപ്പിൾസ് ലിബറേഷൻ ആർമി കമാൻഡർ ക്വി ഫബാവോയെ ആണ് ദീപശിഖയേന്താൻ നിയോഗിച്ചത്. ഇതിന് പിന്നാലെയാണ് നടപടിയെ അപലപിച്ച് അമേരിക്ക രംഗത്തെത്തിയത്.
ഒളിമ്പിക്സിനെ രാഷ്ട്രീയവത്കരിക്കാനാണ് ചൈനയുടെ ശ്രമം. 2020ൽ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുകയും ഉയ്ഘൂറുകളെ വംശഹത്യ നടത്തുകയും ചെയ്ത സംഘത്തിലെ സൈനികനാണ് ദീപശിഖയേന്തുന്നത്. ഇത് ലജ്ജാകരമാണ്. ഉയ്ഘൂറുകളുടെ സ്വാതന്ത്ര്യത്തിനും ഇന്ത്യയുടെ പരമാധികാരത്തിനും വേണ്ടി അമേരിക്ക പിന്തുണ നൽകുന്നത് തുടരും - അമേരിക്കൻ സെനറ്റ് അംഗം ജിം റിസ്ച് ട്വീറ്റ് ചെയ്തു.
പാക് സൈനികത്താവളങ്ങളിൽ ആക്രമണം: നിരവധി മരണം
ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറപ്പെടുന്നതിന് തൊട്ടുമുൻപ് ബലൂചിസ്ഥാനിൽ വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി സൈനിക താവളങ്ങളിൽ നടത്തിയ ആക്രമണത്തിൽ ഒരു പാക് സൈനികനും നാല് അക്രമികളും കൊല്ലപ്പെട്ടു. അതേസമയം, 50 സൈനികർ കൊല്ലപ്പെട്ടെന്ന് ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. 14 സൈനികരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
ചൈന വൻ തോതിൽ നിക്ഷേപം നടത്തുന്ന തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാനിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.