
ദുബായ്: യു.എ.ഇയിൽ പുതിയ തൊഴിൽ നിയമങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് നിലവിലുണ്ടായിരുന്ന തൊഴിൽ നിയമത്തിൽ 40 ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചത്. പ്രവാസികൾക്ക് ഉൾപ്പെടെ ഇഷ്ടമുള്ള തൊഴിലുകളിൽ ഏർപ്പെടാൻ ഇത് അവസരം നൽകും.തൊഴിലിന്റെ സ്വഭാവം, ശമ്പളം, അവധികൾ തുടങ്ങിയ തൊഴിൽ ആനുകൂല്യങ്ങൾ തുടങ്ങിയവയിൽ കാര്യമായ മാറ്റങ്ങളാണ് ഇതോടെ നിലവിൽ വന്നത്.
ആറ് മോഡലുകൾ
യു.എ.ഇയിലെ മുഴുവൻ എമിറേറ്റുകളിലുമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആറ് വ്യത്യസ്ത തൊഴിൽ മോഡലുകൾ അവതരിപ്പിക്കുന്നുവെന്നതാണ് പുതിയ നിയമ ഭേദഗതിയുടെ സവിശേഷത. ഇതിന്റെ അടിസ്ഥാനത്തിൽ 12 വർക്ക് പെർമിറ്റുകളിലായി തൊഴിലാളികളെ ജോലിക്കെടുക്കാൻ തൊഴിലുടമകൾക്കു സാധിക്കും. പരമ്പരാഗത രീതിയിൽ ഒരു ജീവനക്കാരനെ മുഴുവൻ സമയം നിയമിക്കുന്ന ഫുൾടൈം സ്‌കീമിന് പുറമെ, റിമോട്ട് വർക്ക് മോഡൽ, ജോബ് ഷെയറിംഗ്, പാർട്ട് ടൈം, ടെംപററി, ഫ്ളെക്സിബിൾ എന്നിങ്ങനെ വ്യത്യസ്ത തൊഴില്‍ രീതികൾ തിരഞ്ഞെടുക്കാൻ തൊഴിലാളികൾക്ക് സാധിക്കും.