
ജക്കാർത്ത: ലോകത്തിലെ ഏറ്റവും പ്രശസ്ത സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഇന്തൊനേഷ്യയിലെ ബാലി ഇന്ന് മുതൽ വിനോദസഞ്ചാരികൾക്കായി തുറക്കും. ഇത്തവണ ക്വാറന്റൈൻ കാലാവധി കുറവായിരിക്കും. പൂർണമായും വാക്സിൻ എടുത്തവർക്കുള്ള ക്വാറന്റൈൻ കാലയളവ് ഏഴ് ദിവസത്തിൽ നിന്ന് അഞ്ചായി കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു. ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് ഏഴ് ദിവസം ബാധകമാണ്.
സന്ദർശകർക്ക് ദ്വീപിലേക്ക് നേരിട്ടും അല്ലാതെയും വിമാനത്തിൽ വരാമെന്ന് രാജ്യത്തെ കൊവിഡ് ടാസ്‌ക് ഫോഴ്സ് വക്താവ് വിക്കു അഡിസാസ്മിറ്റോ പറഞ്ഞു. പ്രാദേശിക സ്പോൺസറുമായി വിസ നേടുക, അന്താരാഷ്ട്ര ആരോഗ്യ ഇൻഷ്വറൻസിന്റെ ആവശ്യകത തുടങ്ങിയ നിയന്ത്രണങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.