cricket

സെമിഫൈനലിൽ ഇന്ത്യ ആസ്ട്രേലിയയെ 96 റൺസിന് തോൽപ്പിച്ചു

ഇംഗ്ളണ്ടുമായുള്ള ഫൈനൽ നാളെ

ആന്റിഗ്വ: അണ്ടർ 19 ലോകകപ്പിന്റെ സെമിയിൽ ഓസീസിനെ 96 റൺസിന് തകർത്ത ഇന്ത്യയ്ക്ക് ഫൈനലിൽ എതിരാളി ഇംഗ്ളണ്ട്. നാളെ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് നോർത്ത് സൗണ്ടിൽ ഫൈനലിന് തുടക്കമാകുന്നത്. ഇന്ത്യയുടെ തുടർച്ചയായ നാലാം ലോകകപ്പ് ഫൈനലാണിത്. സെമിയിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച ഇംഗ്ളണ്ട് 24 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫൈനലിലെത്തിയത്.

സെമിയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്ത ശേഷം ഓസീസിനെ 41.5 ഓവറിൽ 194 റൺസിന് ആൾഔട്ടാക്കുകയായിരുന്നു ഇന്ത്യ. 37 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി പതറിയ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്ടൻ യാഷ് ദുളും ഷെയ്ക് റഷീദും കൂട്ടിച്ചേർത്ത 204 റൺസാണ്. യാഷ് 110 പന്തുകൾ നേരിട്ട് ഒരു സിക്‌സും 10 ഫോറുമടക്കം 110 റൺസെടുത്തു. അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്ടനെന്ന നേട്ടവും ഇതോടെ യാഷ് സ്വന്തമാക്കി. റഷീദ് 108 പന്തിൽ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 94 റൺസ് സ്വന്തമാക്കി. നാല് പന്തിൽ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 20 റൺസെടുത്ത ദിനേഷ് ബനയും ഇന്ത്യയ്ക്കായി തിളങ്ങി.

291 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസസിന്റെ ടിഗ്വെ വൈലി (1)യെ രണ്ടാം ഓവറിൽ തന്നെ പുറത്താക്കി. തുടർന്ന് കാംബെൽ കെല്ലാവെയും (30) കോറി മില്ലറും (38) ചേർന്ന് 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 17-ാം ഓവറിൽ മില്ലറെ ആംഗ്രിഷ് രഘുവംശി പുറത്താക്കിയതോടെ ഓസീസിന്റെ തകർച്ച തുടങ്ങി. പിന്നീട് കാര്യമായ കൂട്ടുകെട്ടുകളൊന്നും സൃഷ്ടിക്കാൻ ഇന്ത്യന്‍ ബൗളർമാർ ഓസീസിനെ അനുവദിച്ചില്ല. 51 റൺസെടുത്ത ലാച്ച്‌ലാൻ ഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറർ.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിക്കി ഒസ്ത്‌വാൾ ഇന്ത്യയ്ക്കായി ബൗളിംഗിൽ തിളങ്ങി. രവി കുമാർ, നിഷാന്ത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഫൈനലിലേക്കുള്ള വഴി

ടൂർണമെന്റിനിടെ മിക്ക താരങ്ങളെയും കൊവിഡ് ബാധിച്ചെങ്കിലും ഒറ്റക്കളിപോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയിരിക്കുന്നത്.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിന് തോൽപ്പിച്ചു.

അയർലാൻഡിനെതിരെ വിജയം 174 റൺസിന്.

ഉഗാണ്ടയെ 326 റൺസിന് കീഴടക്കി.

ക്വാർട്ടറിൽ അഞ്ചുവിക്കറ്റിന് ബംഗ്ളാദേശിനെ തകർത്തു.

സെമിയിൽ 96 റൺസിന് ഓസീസിനെ തോൽപ്പിച്ചു.