v

കീവ്: യുക്രെയിൻ - റഷ്യ യുദ്ധസാഹചര്യം കടുത്തതോടെ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചു. സൈന്യം ഉടൻ തന്നെ പോളണ്ട്, റൊമാനിയ, ജർമ്മനി എന്നിവിടങ്ങളിലേക്ക് തിരിക്കുമെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു. ജർമ്മനിയിൽ തമ്പടിച്ചിരിക്കുന്ന ആയിരം സേനാംഗങ്ങൾ റൊമാനിയയിലേക്ക് പോകുമെന്നും 2000 സേനാംഗങ്ങളെ അമേരിക്കയിൽ നിന്ന് പോളണ്ടിലേക്കും ജർമ്മനിയിലേക്കും അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് നാറ്റോ സെക്രട്ടറി ദനറൽ ജെൻസ് സ്റ്റോലൻബെർഗ് പറഞ്ഞു.

അതേസമയം, അമേരിക്കയുടെ നടപടിയെ ശക്തമായി റഷ്യ അപലപിച്ചു. അതേസമയം, റഷ്യൻ ഭീഷണി അതിശക്തമാണെന്ന് തോന്നുന്നില്ലെന്നും എന്നാലും ഏത് സാഹചര്യവും അഭിമുഖീകരിക്കാൻ തങ്ങൾ തയ്യാറാണെന്നും യുക്രെയിൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. അതിനിടെ യുക്രെയിൻ അതിർത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരെയും പടക്കോപ്പുകളും റഷ്യ വിന്യസിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു. അമേരിക്ക ഏകദേശം 8,500 സൈനികരെ വിന്യസിക്കാന്‍ തയ്യാറാക്കി നിറുത്തിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

വലിയ സൈനിക വിന്യാസമാണ് ക്രിമിയയിലും റഷ്യയുടെ അടുത്ത സഖ്യരാഷ്ട്രമായ ബെലാറസിലും കാണാൻ സാധിക്കുന്നത്.ക്രിമിയയിൽ മാത്രം ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.

സൈനികകർ മാത്രമല്ല, ആയുധങ്ങള്‍, കവചങ്ങള്‍, പീരങ്കികള്‍ എന്നിവയുടെ വൻശേഖരവും ഇതിൽ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും ദൂരെയുള്ള താവളങ്ങളിൽ നിന്ന് ട്രെയിനിൽ കയറ്റിയാണ് എത്തിച്ചതെന്നും റിപ്പോർട്ടുണ്ട്. ഈ മേഖലകളിൽ ത്വരിതഗതിയിൽ സൈനിക പരിശീലനവും നടക്കുന്നുണ്ടെന്നാണ് വിവരം. ബെലാറസിലെ ഒസിപോവിച്ചി പരിശീലന മേഖലയിൽ റഷ്യൻ സൈന്യം നിർമ്മിച്ച് വിന്യസിച്ച മൊബൈൽ ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ സംവിധാനമായ ഇസ്‌കന്ധർ അടക്കം വിന്യസിച്ചിരിക്കുന്നതായാണ് വിവരം.

 അധിനിവേശത്തിന് പദ്ധതിയില്ലെന്ന് റഷ്യ

അധിനിവേശത്തിനുള്ള ഒരു പദ്ധതിയും ഇല്ലെന്ന് റഷ്യ ഇന്നലെയും ആവർത്തിച്ചു. എന്നാൽ പാശ്ചാത്യരാജ്യങ്ങളുമായുള്ള യുക്രെയിനിന്റെ വർദ്ധിച്ചുവരുന്ന ബന്ധങ്ങൾ തങ്ങൾക്ക് ഭീഷണിയുയർത്തുന്നുണ്ടെന്ന് റഷ്യ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും നാറ്റോ സേനയും റഷ്യയുടെ നടപടികളെ പ്രതിരോധിക്കാൻ രംഗത്തുവന്നതോടെ സൈനിക നടപടിയിലേക്ക് റഷ്യ പോകില്ലെന്നാണ് കരുതുന്നതെന്ന് മേഖലയിലെ വിദഗ്ദ്ധർ പറയുന്നുണ്ടെങ്കിലും ഇപ്പോഴുള്ള സൈനിക വിന്യാസം ആശങ്കയുയർത്തുന്നുണ്ട്.