
മുംബയ്: പ്രശസ്ത ഹിന്ദി, മറാത്തി നടനും നിർമ്മാതാവുമായ രമേശ് ഡിയോ (93) അന്തരിച്ചു. മുംബയ് കോകിലബെൻ ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ, ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ജനനം. 1951ൽ പുറത്തിറങ്ങിയ പത്‌ലാചി പോർ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. അടുത്തതായി അഭിനയിച്ച മക്തോ ഏക് ദോല എന്ന മറാത്തി ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധനേടി. 1962ൽ റിലീസ് ചെയ്ത ആരതിയാണ് ആദ്യ ഹിന്ദിചിത്രം. ആനന്ദ്, ആപ്കി കസം, പ്രേം നഗർ, മേരേ ആപ്‌നേ, ഫക്കീറ തുടങ്ങിയ 285 ലേറെ ഹിന്ദി ചിത്രങ്ങളിലും 190 ലേറെ മറാത്തി ചിത്രങ്ങളിലും വേഷമിട്ടു. ഒട്ടേറെ സിനിമകളും ഡോക്യുമെന്ററികളും ടെലിവിഷൻ സീരിയലുകളും നിർമ്മിച്ചു.
നടി സീമ ഡിയോയാണ് ഭാര്യ. മറാത്തി നടൻ അജിൻക്യ ഡിയോ, സംവിധായകൻ അഭിനയ് ഡിയോ എന്നിവർ മക്കളാണ്.