dr-rekha

ഡോ.രേഖ.എ.നായർ
ഡയറക്ടർ ആർ.സി.സി


2021ൽ ആർ.സി.സിയിൽ 14100 കാൻസർ കേസുകളാണ് കണ്ടുപിടിച്ചത്. കൊവിഡിന് മുൻപ് 2019വരെ 16000 കേസുകൾവരെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് വിദൂരജില്ലകിലുള്ളവരും മറ്റു സംസ്ഥാനങ്ങളിലുള്ളവരും തൊട്ടടുത്ത കേന്ദ്രങ്ങളെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയതാണ് എണ്ണം കുറവിന്റെ കാരണം. സംസ്ഥാനത്ത് പ്രതിവർഷം 60000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കാൻസർ കേസുകളുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെങ്കിലും അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ,ആസാം തുടങ്ങിയ സംസ്ഥാനങ്ങളാണ് എക്കാലവും കാൻസർ രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. പലതരം പുകയില ഉത്പന്നങ്ങളുടെ സ്ത്രീപുരുഷ ഭേതമന്യേയുള്ള ഉപയോഗമാണ് ഉത്തര-കിഴക്കൻ സംസ്ഥാനങ്ങളിലെ കാൻസർ വർദ്ധനവിന് കാരണം. കേരളത്തിൽ ആകെ കാൻസർ രോഗികളുടെ എണ്ണം നോക്കുമ്പോൾ വലിയ സംഖ്യയാണ് കാണുന്നതെങ്കിലും 50വയസിൽ താഴെയുള്ളവരിൽ എണ്ണത്തിൽ കുറവുണ്ട്. കാൻസർ പ്രായത്തെ ആശ്രയിച്ചിരിക്കുന്ന ഒരു രോഗമായതിനാൽ 50ന് മുകളിലുള്ളവരിൽ രോഗം കൂടുതലാണ്. കേരളത്തിൽ ഈ പ്രായക്കാരുടെ എണ്ണവും കൂടുതലാണ്. ചെറുപ്പക്കാരിലേക്കും കുട്ടികളിലേക്കും രോഗം പടരുന്നുണ്ടെങ്കിലും ഉത്തര-കിഴക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.

കേരളത്തിൽ സ്ത്രീകളിൽ സ്തനാർബുദവും പുരുഷന്മാരിൽ ശ്വാസകോശ കാൻസറുമാണ് കൂടുതൽ. സ്ത്രീകളിൽ തൈറോയിഡ് കാൻസറും പുരുഷന്മാരിൽ വായിലെ കാൻസറുമാണ് രണ്ടാമതായി കൂടുതൽ കാണപ്പെടുന്നത്. സ്ത്രീകളുടെ സ്തനാർബുദ കാൻസറിന് പ്രധാന ഘടകളിലൊന്ന് അമിതവണ്ണവും ജീവിതശൈലിയുമാണ്. ഭക്ഷണരീതിയും വ്യായാമമില്ലായ്മയും അതിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന് പഠനങ്ങളിലുണ്ട്. പുരുഷന്മാരിൽ മദ്യപാനവും വിവിധതരം പുകയില ഉത്പന്നങ്ങളും രോഗവർദ്ധനവിന് കാരണമാകുന്നു.


സംസ്ഥാനത്ത് ഉടനീളം ഏകീകൃത കാൻസർ ചികിത്സ സംവിധാനമാണ് നടപ്പാക്കുന്നത്. 2018ലാണ് മൾട്ടി ഡിസിപ്ലിനറി കാൻസർ കൺട്രോൾ ബോർഡ് ഏകീകൃത ചികിത്സാ നയം പ്രഖ്യാപിച്ചത്. രാജ്യത്ത് പിന്തുടരുന്ന ഏറ്റവും നൂതനമാർഗങ്ങളാണ് അവബംബിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രിയും വകുപ്പ് സെക്രട്ടറിയുമാണ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. റേഡിയേഷൻ,കീമോ ചികിത്സാ രംഗത്തെ ന്യൂതനസംവിധാനങ്ങൾ ഏറെയും ആർ.സി.സിയിലൂടെ ലഭ്യമാണ്. അത്യാധുനിക റേഡിയേഷൻ യന്ത്രങ്ങൾ കാലാനുസൃതമായി ക്രമീകരിക്കുന്നുണ്ട്.


കാൻസർ ചികിത്സയ്‌ക്കൊപ്പം ഗവേഷണത്തിനും ആർ.സി.സി വലിയ പങ്കുവഹിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നിലോഭമായ പിന്തുണയാണ് ഗവേഷണങ്ങൾക്ക് കരുത്ത് പകരുന്നത്. ഇതിനാവശ്യമായ യന്ത്രസംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം സർക്കാർ ലഭ്യമാക്കുന്നു.ഗവേഷണങ്ങളുടെ ഭാഗമായി ജീനോം സ്വീക്വസിംഗിനായി മൂന്നു കോടി വിലവരുന്ന യന്ത്രം വാങ്ങാനുള്ള അനുമതി അടുത്തിടെ സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു.

ആകെ സ്ഥിതി

പ്രതിദിനം എത്തുന്നവർ ആകെ 4000
(ചികിത്സ,പരിശോധന മറ്റ് ആവശ്യങ്ങൾ)

പ്രതിദിനം പുതിയ രോഗികൾ 100 -120


പ്രതിവർഷം

റേഡിയോളജിപരിശോധനകൾ 64,000
പതോളജി പരിശോധനകൾ 53,000
നൃൂക്ലിയർ മെഡിസിൻ നിരീക്ഷങ്ങൾ 73,000
മൈക്രോബയോളജി പരിശോധനകൾ 34,000
സാന്ത്വനചികിത്സയ്‌ക്കെത്തുന്നവർ 20,000
കൃാൻസർ സ്‌ക്രീനിംഗിനെത്തുന്നവർ 6,000