isis

പന്ത്രണ്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

മരിച്ചവരിൽ ആറ് കുട്ടികളും നാല് സ്‌ത്രീകളും

ഡമാസ്‌കസ്:ഭീകരസംഘടനയായ ഐസിസിന്റെ തലവൻ അബു ഇബ്രാഹിം അൽ -ഹഷിമി അൽ - ഖുറേഷിയും പന്ത്രണ്ട് കുടുംബാംഗങ്ങളും സിറിയയിൽ അമേരിക്കൻ സേന നടത്തിയ ഓപ്പറേഷനിടെ രക്ഷപ്പെടാൻ പഴുതില്ലാതെ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. അബു ഇബ്രാഹം നടത്തിയ ജാക്കറ്റ് ബോംബ് സ്‌ഫോടനത്തിൽ ആറു കുട്ടികളും നാല് സ്‌ത്രീകളും ഉൾപ്പെടെ കുടുംബത്തിലെ മുഴുവൻ പേരും മരണമടഞ്ഞു.

അമേരിക്കൻ സ്പെഷ്യൽ സേനയുടെ ഓപ്പറേഷൻ വൈറ്റ്ഹൗസിൽ തൽസമയം വീക്ഷിച്ചശേഷം പ്രസിഡന്റ് ജോ ബൈഡനാണ് കൊടും ഭീകരന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐസിസ് തലവൻ അബു ഇബ്രാഹിം അൽ -ഹഷിമി അൽ-ഖുറേഷിയെ യുദ്ധക്കളത്തിൽ നിന്ന് ഉന്മൂലനം

ചെയ്‌തു എന്നാണ് ബൈഡൻ പ്രസ്താവനയിൽ അറിയിച്ചത്.

വടക്കൻ സിറിയയിൽ തുർക്കി അതിർത്തിയോട് ചേർന്ന ഇദ്‌ലിബ് പ്രവിശ്യയിലെ അത്‌മാ ഗ്രാമത്തിൽ അബു ഇബ്രാഹിമും കുടുംബവും

താമസിച്ചിരുന്ന കെട്ടിടം ലക്ഷ്യമിട്ട് അമേരിക്കൻ സേന വ്യോമാക്രമണം നടത്തുമ്പോഴാണ് ഭീകരൻ സ്വയം പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഹെലികോപ്റ്ററുകളിൽ എത്തിയ യു. എസ് ഭടന്മാർ കെട്ടിടത്തിന് നേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിവയ്ക്കുകയും സ്ഫോടനങ്ങൾ നടത്തുകയും ചെയ്‌തു. ആക്രമണത്തിൽ മുകളിലത്തെ നില തകർന്നു. രണ്ട് മണിക്കൂറോളം ഓപ്പറേഷൻ നീണ്ടപ്പോൾ മരണം മുന്നിൽ കണ്ട അബു ഇബ്രാഹം ധരിച്ചിരുന്ന ചാവേർ ജാക്കറ്റിലെ സ്ഫോടക വസ്തുക്കൾ സ്വയം പൊട്ടിക്കുകയായിരുന്നു.

പ്രസിഡന്റ് ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമല ഹാരീസും ദേശീയ സുരക്ഷാ ടീമിലെ ഉദ്യോഗസ്ഥരും വൈറ്റ്ഹൗസിൽ സൈനിക ഓപ്പറേഷൻ തത്സമയം വീക്ഷിച്ചിരുന്നു. പിന്നീട് നടത്തിയ പ്രസ്താവനയിൽ, തന്റെ നിർദ്ദേശപ്രകാരമാണ് സൈന്യം ഭീകര വിരുദ്ധ ഓപ്പറേഷൻ വിജയകരമായി നടത്തിയതെന്ന് പറഞ്ഞ ബൈഡൻ സൈനികരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്‌തു.

2019 ഒക്ടോബർ 31നാണ് അബു ഇബ്രാഹിം ഐസിസിന്റെ തലപ്പത്തെത്തിയത്. ഐസിസ് തലവനായിരുന്ന അബൂബക്കർ അൽ ബഗ്ദാദിയെ അമേരിക്ക വധിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് ബാഗ്ദാദിയെ വധിച്ചത്.

ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ പാകിസ്ഥാനിലെ അബോട്ടാബാദിൽ അൽക്വ ഇദ ഭീകരൻ ഒസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷന് സമാനമായിരുന്നു ഇന്നലെ സിറിയയിലെ ഓപ്പറേഷൻ. ബിൻ ലാദനെ വധിച്ച ഓപ്പറേഷൻ ഒബാമ വൈറ്റ് ഹൗസിൽ ഇരുന്ന് വീക്ഷിച്ചിരുന്നു.