
സിഡ്‌നി: തനിക്ക് എക്കാലവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് വിരേന്ദർ സെവാഗെന്നും നിലവിലെ ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ വിടവ് നികത്താൻ പോന്ന താരമുണ്ടെന്നും മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ളാർക്ക് പറഞ്ഞു. ഇന്ത്യയുടെ ബാറ്റർ പ്രിഥ്വി ഷാ സെവാഗിനെ പോലെ ആക്രമണ സ്വഭാവമുള്ള ക്രിക്കറ്റ് താരമാണെന്നും അത്തരത്തിലൊരു താരം മുൻനിരയിൽ ഉണ്ടാകുന്നത് ഏതൊരു ടീമിനും വലിയ മുൻതൂക്കം നൽകുമെന്നും ക്ളാർക്ക് വ്യക്തമാക്കി. സോണി ടെൻ ചാനൽ തയ്യാറാക്കുന്ന 'ഡൗൺ അണ്ടർഡോഗ്സ്' എന്ന എന്ന ഡോക്യുമെന്ററിയിലാണ് ക്ളാർക്ക് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
സെവാഗിന്റെ ആക്രമണ മനോഭാവമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും തന്റേതായ ദിവസത്തിൽ ലോകത്തിലെ ഏതൊരു ബൗളിംഗ് നിരയേയും ഒറ്റക്ക് തകർക്കാൻ പ്രാപ്തിയുള്ള താരമായിരുന്നു സെവാഗെന്നും ക്ളാർക്ക് വ്യക്തമാക്കി. സെവാഗിന്റെ അതേ ഗുണങ്ങൾ പ്രിഥ്വി ഷായിലും നിരവധി തവണ കണ്ടിട്ടുണ്ടെന്നും നിലവിൽ യുവതാരത്തിന് ആവശ്യം മതിയായ പിന്തുണയായണെന്നും അത് ലഭിച്ചാൽ സെവാഗിനെ പോലെ ഇന്ത്യക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്നും ക്ളാർക്ക് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ പ്രിഥ്വി ഷായെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും താരത്തിന് കാര്യമായി ശോഭിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഒരു പര്യടനത്തിലെ പ്രകടനം വച്ച് മാത്രം പ്രിഥ്വി ഷായുടെ കഴിവിനെ അളക്കരുതെന്നും വളരെയേറെ പ്രതിഭയുള്ള താരമാണ് ഷായെന്നും ക്ളാർക്ക് വ്യക്തമാക്കി.