
ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്നു
ടി.വി ലൈവ് രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ
വാസ്കോ : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്നു. തുടർച്ചയായ 10 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച ബ്ളാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ബെംഗളുരു എഫ്.സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു. കൊവിഡിന്റെ ക്ഷീണം മാറാത്ത കളിക്കാരുമായി ഇറങ്ങി ബംഗളുരുവിൽ നിന്നേറ്റ തോൽവിയുടെ നിരാശയിൽ നിന്ന് മുക്തരാകാനാണ് കോച്ച് ഇവാൻ വുകാമനോവിച്ച് തന്റെ കളിക്കാരെ കളത്തിലിറക്കുന്നത്. കഴിഞ്ഞ കളിയിൽ തോറ്റെങ്കിലും കളിക്കാരുടെ പ്രകടനം തനിക്ക് തൃപ്തികരമാണെന്ന് വുകോമനോവിച്ച് പറയുന്നു.
12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള കേരള ബ്ളാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കൊവിഡ് അടിച്ചിടും മുമ്പ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തെത്താൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞിരുന്നു.
14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ഹൈദരാബാദ് എഫ്.സിയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. 12 കളികളിൽ നിന്ന് 22 പോയിന്റുള്ള ജംഷഡ്പുർ എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്.ഇന്ന് ജയിച്ചാൽ ബ്ളാസ്റ്റേഴ്സിന് രണ്ടാമതെത്താം.
സീസണിൽ കളിച്ച 15 മത്സരങ്ങളിൽ ഒൻപതിലും തോറ്റ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ഏറ്റവും അടിത്തട്ടിൽ 11-ാം സ്ഥാനത്താണ്. 10 പോയിന്റാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുള്ളത്.
കഴിഞ്ഞ മത്സരത്തിൽ 5-0ത്തിന് ഹൈദരാബാദ്എഫ്.സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു.