തിരുവനന്തപുരം: കൊവിഡിനെ തുടർന്നുള്ള അടച്ചിടലിൽ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തുണ്ടായ പോരായ്‌മകൾ നികത്തുന്നതിന് പരിഹാര മാർഗങ്ങൾ കണ്ടെത്തണമെന്ന് ദേശീയ വിദ്യാഭ്യാസ അടിയന്തരാവസ്ഥ കൂട്ടായ്‌മ (എൻ.സി.ഇ.ഇ) വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
ലോകമെമ്പാടും വിദ്യാലയങ്ങൾ തുറക്കാൻ ശ്രമിക്കുമ്പോൾ നാം കൊവിഡിനെ പേടിച്ച് കൂടുതൽ അടച്ചിടലിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതുണ്ടാക്കുന്ന അദ്ധ്യയന നഷ്ടം ഭീകരമാണെന്നും ഭാവിതലമുറയെ കാര്യമായി ബാധിക്കുമെന്നും എൻ.സി.ഇ.ഇ വിദഗ്ദ്ധരായ ഡോ. ജോത്സ്യന ഝാ, ഡോ.വി.പി. നിരഞ്ജനാരാദ്ധ്യ എന്നിവർ പറഞ്ഞു.
' ഓൺലൈൻ വിദ്യാഭ്യാസം വികസിത രാജ്യങ്ങളിൽപോലും ഫലപ്രദമല്ല. അതുകൊണ്ട് ഈ അടിയന്തരഘട്ടത്തിൽ സർക്കാരുകൾ കൂടുതൽ പണം മുടക്കി കർമ്മപദ്ധതികൾ നടപ്പിൽ വരുത്തണമെന്ന് എൻ.സി.ഇ.ഇ മുഖ്യ പ്രവർത്തകയും ലോകബാങ്ക് മുൻ ഉപദേഷ്ടാവുമായ ഡോ. സാജിതാ ബഷീർ ചൂണ്ടിക്കാട്ടി.