kafeel-khan

ലക്‌നൗ : ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ 2017ൽ ഓക്‌സിജൻ ലഭിക്കാതെ 63 കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കഫീൽഖാനെ പിരിച്ചു വിട്ട സർക്കാർ നടപടിക്കെതിരെ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി. തന്റെ സേവനം അവസാനിപ്പിച്ചത് ചോദ്യം ചെയ്ത് കഫീൽഖാൻ നൽകിയ ഹർജിയിലാണ് നടപടി. നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് രാജൻ റോയിയുടെ ബെഞ്ചിന്റെ നിർദ്ദേശം.

കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ കഫീൽഖാനെ യു.പി സർക്കാർ, അഴിമതിയും അനാസ്ഥയും ആരോപിച്ച് എട്ട് മാസം തടവിലിട്ടിരുന്നു. ഓക്സിജൻ സിലിണ്ടർ ക്ഷാമം മൂലം പ്രാണവായു ലഭിക്കാതെ മരണത്തോട് മല്ലിട്ട കുട്ടികൾക്ക് സ്വന്തം പണം ചെലവാക്കി കഫീൽഖാൻ ഒാക്സിജൻ എത്തിച്ചതായി യു.പി പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിരവധി അന്വേഷണ കമ്മിറ്റികൾ കേസിൽ താൻ തെറ്റുകാരനല്ലെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെന്ന് മുദ്രകുത്തിയ 8 പേരിൽ താൻ ഒഴികെ എല്ലാവരെയും സർവീസിൽ തിരിച്ചെടുത്തെന്നും കഫീൽഖാൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.