
പ്രൈം വോളിബാൾ ലീഗിൽ കളിക്കാരിൽ മാത്രമല്ല മലയാളിത്തിളക്കം,പരിശീലകരിലുമുണ്ട്. രണ്ട് ടീമുകളുടെ മുഖ്യ പരിശീലകർ മലയാളികളാണ്. മുൻ ഇന്റർനാഷണൽ താരം കിഷോർ കുമാറാണ് കലിക്കറ്റ് ഹീറോസിന്റെ മുഖ്യപരിശീലകൻ. കെ.എസ്.ഇ.ബി പരിശീലകനായ സണ്ണി ജോസഫ് കൊൽക്കത്ത തണ്ടർ ബോൾട്ടിന്റെ ചീഫ് കോച്ചാണ്. മുൻ ഇന്റർനാഷണൽ ടോം ജോസഫ് ഹൈദരാബാദ് ബ്ളാക്ക്ഹോക്സിന്റെ സഹപരിശീലകൻ. തണ്ടർ ബോൾട്ടിൽ സണ്ണി ജോസഫിന്റെ അസിസ്റ്റന്റായി സിജു.കെ .ജോസഫുണ്ട്. കൊച്ചിൻ ബ്ളൂസ്പൈേക്കേഴ്സിന്റെ പരിശീലക സംഘത്തിലും രണ്ട് മലയാളികളുണ്ട്,ബിജോയ് ബാബുവും അനുലാലും.കലിക്കറ്റിന്റെ ട്രെയിനർ സാൻഡി നായരും അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ ജിബിൻ സെബാസ്റ്റ്യനും മലയാളിത്തിളക്കത്തിന് മാറ്റ്കൂട്ടുന്നു.
പ്രോ വോളി ലീഗിൽ കിഷോർ കലിക്കറ്റ് ഹീറോസിന്റെ ചീഫ് കോച്ചായി എത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മെന്ററും ട്രെയിനറുമായി മാറേണ്ടിവന്നിരുന്നു. എന്നാൽ പ്രൈം വോളിയിൽ ചീഫ് കോച്ചിന്റെ കുപ്പായത്തിൽതന്നെ ഹീറോസിനൊപ്പം കിഷോർ ഉണ്ടാവും. ഇന്ത്യൻ വോളിബാളിൽ പുതിയ യുഗമാവും പ്രൈം വോളി സൃഷ്ടിക്കുകയെന്ന് കിഷോർ പറയുന്നു. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ടീമിലേക്ക് കളിക്കാർ എത്തുന്നത്. ഇന്ത്യയിലെ മികച്ച താരങ്ങളെയെല്ലാം ഈ ലീഗ് ഒരു കുടക്കീഴിൽ എത്തിച്ചിരിക്കുകയാണ്. ഒരു ടീമിൽ രണ്ട് വിദേശ കളിക്കാരുമുണ്ട്.ഇവരെ പരിശീലിപ്പിക്കുമ്പോൾ അവരുടെ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ടെന്നും അതിന് ഒരുപാട് ഹോംവർക്ക് ചെയ്യേണ്ടതുണ്ടെന്നുമാണ് കിഷോറിന്റെ പക്ഷം.
ക്രിക്കറ്റിലും ഫുട്ബാളിലും കബഡിയിലുമൊക്കെ പ്രൊഫഷണൽ ലീഗുകൾ വന്നപ്പോൾ കളിക്കാർക്ക് ലഭിച്ച അവസരങ്ങൾ ഇപ്പോൾ വോളിബാൾ താരങ്ങളെയും തേടിയെത്തിയിരിക്കുകയാണെന്ന് ടോം ജോസഫ് പറയുന്നു. സാമ്പത്തികമായി മാത്രമല്ല ഇതിന്റെ നേട്ടം. ഒന്നാം നിര താരങ്ങൾക്കൊപ്പവും എതിരെയും കളിക്കാൻ കഴിയുന്നത് ഇന്ത്യൻ താരങ്ങളുടെ നിലവാരം ഉയർത്തും. അർജന്റീനക്കാരനായ റൂബൻ വോളോച്ചിൻ ആണ് ഹൈദരാബാദ് ബ്ളാക്ക്ഹോക്സിന്റെ മുഖ്യപരിശീലകൻ.ഇന്ത്യയ്ക്ക് വേണ്ടി താൻ കളിച്ചിരുന്ന സമയത്ത് അന്താരാഷ്ട്ര ടൂർണമെന്റുകൾക്കിടെ ഇദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നത് ഇപ്പോൾ സഹായകമായെന്നും ടോം പറയുന്നു.