kk

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ച പാർട്ടി മന്ത്രിമാർക്കെതിരെ സി.പി.ഐ എക്സിക്യുട്ടിവ് യോഗത്തിൽ രൂക്ഷ വിമർശനം. ഭേദഗതിക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മന്ത്രിമാർക്കെതിരെ നേതാക്കൾ രംഗത്ത് വന്നത്. മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തിയതായാണ് റിപ്പോർട്ട്. മന്ത്രിസഭയിൽ വിഷയം എടുക്കുമെന്നറിഞ്ഞപ്പോൾ പാർട്ടി സെന്ററിനെ അറിയിച്ചെന്ന് മന്ത്രിമാർ വിശദീകരിച്ചു. എന്നാൽ കൃത്യമായ മറുപടി പാർട്ടി സെന്ററിൽ നിന്ന് കിട്ടിയില്ലെന്നും ഇത് ആശയകുഴപ്പമുണ്ടാക്കിയെന്നും മന്ത്രിമാർ മറുപടി നൽകി.

കെ റെയിലിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. കല്ല് പിഴുതാൽ പല്ല് പോകുമെന്ന വിമർശനം ശരിയായില്ലെന്ന് വിഷയം ഉന്നയിച്ച് മുല്ലക്കര രത്നാകരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരോടുള്ള സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് യുദ്ധം ചെയ്ത് പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടിലാണ് ഒടുവിൽ യോഗം എത്തിയത്. രവീന്ദ്രൻ പട്ടയത്തിനെതിരായ നടപടികൾക്ക് സി.പി.ഐ നേതൃയോഗത്തിൽ അംഗീകാരം നൽകി. രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ .ശിവരാമനോട് വിശദീകരണം തേടാനും യോഗത്തിൽ തീരുമാനമായി.