
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയിൽ സുബിനെയാണ് (30) അറസ്റ്റ് ചെയ്‍തത്.
ഞായറാഴ്ച തൊടിയൂർ പുലിയൂർവഞ്ചി കിഴക്ക് അനിതാലയത്തിൽ ആതിരയെ (25) ഭർത്തൃഗൃഹത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 2017 ഒക്ടോബറിൽ വിവാഹിതരായ ശേഷം ആതിരയെ മാനസികവും ശാരീരികമായും പീഡിപ്പിക്കുമായിരുന്നെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്നിനും മറ്റും അടിമയായ ഇയാളുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആതിര കുറിപ്പെഴുതിവച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നിർദേശ പ്രകാരം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, റസൽ ജോർജ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.