ffgfg

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ വീട്ടുപുരയിടത്തിൽ ഒളിപ്പിച്ചിരുന്ന 33 കിലോ കഞ്ചാവും കഞ്ചാവടിച്ച് അബോധാവസ്ഥയിൽ വീട്ടിൽ കിടക്കുകയായിരുന്ന വീട്ടുടമയെയും സഹായിയെയും എക്സൈസ് സംഘം പിടികൂടി.

ഉളിയക്കോവിൽ കച്ചിക്കട ശ്രീഭദ്ര നഗർ 198 കണ്ണമത്ത് തെക്കതിൽ വീട്ടിൽ നവാസ് (52), സഹായി ആണ്ടാമുക്കം ആറ്റുകാൽപുരയിടത്തിൽ സുധീർ(52) എന്നിവരാണ് പിടിയിലായത്.

ഉളിയക്കോവിൽ കച്ചിക്കട ഭാഗത്ത് പുറത്ത് നിന്നുള്ള സംഘങ്ങൾ മുന്തിയ വാഹനങ്ങളിൽ എത്തുന്നത് പതിവാണ്. രാത്രികാലങ്ങളിൽ കായൽത്തീരങ്ങളിൽ ഇവർ തമ്പടിക്കാറുമുണ്ട്. ഇതുസംബന്ധിച്ച് 'കേരളകൗമുദി' നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർന്ന് എക്സൈസ് രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. നവാസ് ഒരുമാസം മുമ്പ് ആന്ധ്രയിൽ നിന്ന് പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ചില്ലറ വിപണയിൽ ഇതിന് ഏകദേശം 20 ലക്ഷം രൂപയോളം വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലം നഗരത്തിലെ കഞ്ചാവ് മൊത്തവില്പനക്കാരിൽ പ്രധാനിയാണ് നവാസ്.

വീടിന്റെ മതിലിനോട് ചേർന്ന് കുഴിയിൽ ചാക്കുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓല ഉപയോഗിച്ച് കുഴി മറയ്ക്കുകയും ചെയ്തിരുന്നു. സംശയം തോന്നിയതിനെ തുടർന്നാണ് ഓല നീക്കി കുഴി പരിശോധിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ടി. രാജു, അസി. എക്സൈസ് ഇൻസ്പെക്ടർ പി. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീവാസ്, ജയകൃഷ്ണൻ, ശ്യാംകുമാർ, ഷിബിൻലാൽ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജാകുമാരി, ബിന്ദുലേഖ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.