
അടൂർ: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചുകടന്ന പ്രതിയെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം പവിത്രേശ്വരം കരിമ്പിൻപുഴ പാങ്ങോട് പാലമുക്ക് ശ്രീഭവനം വീട്ടിൽ വി. പി. ശ്രീജു (30) ആണ് പിടിയിലായത്. കഴിഞ്ഞ 27 ന് രാവിലെ ഒൻപതരയോടെ പെരിങ്ങനാട് ആസാദ് ജംഗ്ഷനിൽ പാറക്കൂട്ടം റോഡിലൂടെ നടന്നുവന്ന എൺപത്തിയൊന്നുകാരിയുടെ കഴുത്തിൽ കിടന്ന ഒരു പവനിലേറെ തൂക്കമുള്ള സ്വർണമാലയാണ് ബൈക്കിലെത്തിയ ഇയാൾ പെരിങ്ങനാട് ഓർത്തഡോക്സ് പള്ളി സെമിത്തേരിക്ക് സമീപം വച്ച് പൊട്ടിച്ചെടുത്തത്.
സമാനമായ കേസുകളിലും ഇയാൾ പ്രതിയാണ്. മകന്റെ കൂട്ടുകാരനാണെന്ന വ്യാജേന വയോധികരായ സ്ത്രീകളെ സമീപിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോൾ പേഴ്‌സും മാലയും തട്ടിയെടുത്ത് ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കുണ്ടറ, ഏനാത്ത്, അടൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സമാന രീതിയിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അഞ്ച് പവനോളം സ്വർണാഭരണങ്ങളും ആറായിരത്തോളം രൂപയും പ്രതിയുടെ പക്കൽ പോലീസ് കണ്ടെടുത്തു. കുണ്ടറ,ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധികളിലെ മോഷണം പ്രതി സമ്മതിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.ടി.ഡി, അടൂർ എസ്.ഐ മനീഷ്.എം, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, പ്രവീൺ, രാജ്‌കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.