
മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി
ചേർത്തല:ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം രൂപ തട്ടിപ്പു നടത്തിയ കേസിൽ പ്രധാന പ്രതിയായ ഇന്ദു(സാറ-35)വുമായുള്ള തെളിവെടുപ്പ് മുടങ്ങി. പൊലീസിന്റെ കസ്റ്റഡിയിൽ വിട്ട ഇന്ദു കുഴഞ്ഞു വീഴുകയും അസ്വസ്ഥകൾ പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഓൺലൈനായി ഹാജരാക്കി പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ പരിശോധിക്കുന്ന ഡോക്ടറുടെ നിർദ്ദേശം ലഭിച്ചതിനു ശേഷമായിരിക്കും നടപടി.
നേരത്തെ തന്നെ ഇവർ മാനസിക പ്രശ്നങ്ങൾക്ക് മരുന്നുകഴിച്ചിരുന്നതായി പൊലീസിന് മൊഴിനൽകിയിരുന്നു.ഇതിന്റെ സാഹചര്യത്തിൽ കസ്റ്റഡിയിൽ വാങ്ങി ആദ്യ ദിനത്തിൽ തിരുവനന്തപുരത്ത് ഇവരെ പരിശോധിക്കുകയും ഡോക്ടറുടെ മുന്നിലെത്തിച്ച് വിവരങ്ങൾ ശേഖരിക്കുകയുംചെയ്തിരുന്നു.ഇതിനു ശേഷം ബുധനാഴ്ച രാവിലെ മുതലാണ് ഇവർ അസ്വസ്ഥതകൾ കാട്ടിതുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.ഇതോടെയാണ് കോടതിയെ അറിയിച്ച് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്.
പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്കൂളുകളിലും ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രധാന പ്രതിയായ തിരുവനന്തപുരം ജെ.എം.അപ്പാർട്ടുമെന്റിൽ രണ്ട് ഡി ഫ്ളാറ്റിൽ ഇന്ദു(സാറ-35)വിനെയും ഇടനിലക്കാരനായിരുന്ന ചേർത്തല നഗരസഭ 35ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാർ(53)നെയും കഴിഞ്ഞയാഴ്ചയണ് ചേർത്തല പൊലീസ് പിടികൂടിയത്.കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഇന്ദുവിനെ കോടതി നാലുദിവസം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു.