
വീട് നിർമ്മാണത്തിൽ ഏറ്റവും പ്രമുഖ സ്ഥാനമാണ് പ്രധാന വാതിലിന് ഉള്ളത്. വീട്ടിനകത്തേക്ക് പോസിറ്റീവ് എനർജി എത്തുന്നത് മുൻവാതിൽ വഴി ആയതിനാൽ ശരിയായ ദിശയിൽ വേണം വാതിൽ സ്ഥാപിക്കേണ്ടത് എന്ന് വാസ്‌തു നിഷ്കർഷിക്കുന്നു. വാസ്തു പ്രകാരം പ്രധാന വാതിൽ ഒരുക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം.
വാസ്തുശാസ്ത്രം നിഷ്കർഷിക്കുംവിധം പ്രധാനവാതിൽ വിന്യസിച്ചാൽ കുടുംബാംഗങ്ങളുടെ ക്ഷേമവും, ആരോഗ്യവും ധനവും മെച്ചപ്പെടും എന്നാണ് വിശ്വാസം. മറിച്ചാണെങ്കിൽ വിപരീതഫലവുമുണ്ടാകാം.
വാസ്തുപ്രകാരം പ്രധാന വാതിൽ സ്ഥാപിക്കുന്നതിനുള്ള ഏറ്റവും ഉചിത സ്ഥാനം കിഴക്ക്, പടിഞ്ഞാറ്, വടക്ക്- കിഴക്ക് എന്നി ഭാഗങ്ങളിലായിട്ടാണ്. ഈ വശങ്ങൾ ഉചിതവും വീട്ടകത്തേക്ക് പോസിറ്റിവ് എനർജിയുടെ ഒഴുക്ക് കൂട്ടുന്നതുമാണ്. പ്രധാനവാതിൽ തെക്ക്, തെക്ക് -പടിഞ്ഞാറ്, വടക്ക് -പടിഞ്ഞാറ് തെക്ക് -കിഴക്ക് ദിശകളിൽ നിർമ്മിക്കരുത്. ഈ ദിശകളിലേക്ക് വയ്ക്കുകയാണെങ്കിൽ ലോഹ പിരമിഡ് ഉപയോഗിക്കണം. ചെമ്പ്, ഓട് , ലെഡ് എന്നിവയിലുള്ളതാവണം ലോഹ പിരമിഡ്.
പ്രധാന വാതിൽ മറ്റെല്ലാ വാതിലിനേക്കാൾ വലുതായിരിക്കണം. ക്ലോക്ക് ദിശയിൽ തുറക്കുന്നതായിരിക്കണം. പ്രധാന വാതിലിന് സമാന്തരമായി മൂന്ന് വാതിൽ വരാതെ നോക്കണം. ഇത് കുടുംബാംഗങ്ങളുടെ സന്തോഷം കെടുത്തും.
മരത്തിൽ പ്രധാന വാതിൽ തീർക്കുന്നതാണ് ഏറ്റവും ഉചിതം എന്നാൽ പ്രധാന വാതിൽ തെക്ക് ദിശയിലാണെങ്കിൽ മരവും മെറ്റലും ചേർന്ന് വരുന്നതാണ് നല്ലത്. പടിഞ്ഞാറ് ദിശയിലെങ്കിൽ വാതിലിൽ ലോഹവും ഉപയോഗിക്കണം. വടക്ക് ദിശയിലാണെങ്കിൽ സിൽവർ നിറം ഉണ്ടായിരിക്കണം. കിഴക്ക് ദിശയിലെങ്കിൽ കുറഞ്ഞ ലോഹ സാമഗ്രികൾ ഉപയോഗിച്ചാൽ മതിയാകും.
പച്ചിലകൾ കൊണ്ട് പ്രധാന വാതിൽ അലങ്കരിക്കാവുന്നതാണ്. മൃഗങ്ങളുടെ രൂപങ്ങൾ, പൂ ഇല്ലാത്ത് ചെടികൾ, ഫൗണ്ടെയിൻസ് എന്നിവ ഒഴിവാക്കണം. ഷൂ റാക്ക് പ്രധാന വാതിലിനോട് ചേർന്ന് വേണ്ട. മെയിൻ ഡോറിനോട് ചേർന്ന് ബാത്ത്‌റൂം വരരുത്.