bghhgy

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് വിചാരണക്കോടതി ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതി പിഴത്തുക കെട്ടിവച്ചാൽ പെൺകുട്ടിക്ക് നൽകണമെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകളുടെ വിചാരണച്ചുമതലയുള്ള അഡിഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ പറയുന്നു. പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. 2017ൽ പതിനാറുകാരിയായ പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പിതാവ് നിർബന്ധിച്ച് മദ്യം നൽകിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള പിതാവു തന്നെ പീഡിപ്പിച്ച സംഭവം അങ്ങേയറ്റം ഗൗരവമേറിയതാണെന്ന് വിലയിരുത്തിയാണ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. പെൺകുട്ടിയെ ആലപ്പുഴ സ്വദേശി രതീഷ് പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണത്തിനിടെയാണ് പിതാവ് പീഡിപ്പിച്ച സംഭവം പുറത്തു വന്നത്. രതീഷ് ഒളിവിലാണ്. പിതാവിനെയും രതീഷിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കുന്നത്തുനാട് പൊലീസ് കുറ്റപത്രം നൽകിയത്. രതീഷിനു വേണ്ടി കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.