
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിനെ രക്ഷിക്കാൻ നൂറുകോടിയുടെ പാക്കേജിന് ഒരുക്കം കൂട്ടുമ്പോൾ ജാമ്യം കിട്ടാതെ ജയിലിലുളളത് കേസിലെ ആദ്യ അഞ്ച് പ്രതികൾ. ഭരണസമിതി അംഗങ്ങൾക്കെല്ലാം ജാമ്യം കിട്ടി. അതേസമയം, കോടികളുടെ വ്യാജവായ്പകൾ, റബ് കോ ഉത്പന്നങ്ങളിലെയും സൂപ്പർമാർക്കറ്റ് വ്യാപാരത്തിലെയും തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളല്ലാതെ പുതിയ തട്ടിപ്പുകളെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ഒന്നാം പ്രതി ബാങ്ക് മുൻ സെക്രട്ടറി ടി.കെ. സുനിൽകുമാർ, രണ്ടാം പ്രതി ഇരിങ്ങാലക്കുട നോർത്ത് കാട്ടുങ്ങച്ചിറ വെസ്റ്റ് മുത്രത്തിപ്പറമ്പിൽ എം.കെ. ബിജു കരീം, മൂന്നാം പ്രതി ബാങ്ക് അക്കൗണ്ടന്റായിരുന്ന പൊറത്തിശ്ശേരി ചെല്ലക്കര വീട്ടിൽ സി.കെ. ജിൽസ്, നാലാം പ്രതി കിരൺ, കമ്മിഷൻ ഏജന്റായിരുന്ന അഞ്ചാം പ്രതി എ.കെ. ബിജോയ് എന്നിവർക്ക് ജാമ്യം കിട്ടിയില്ല.
തട്ടിപ്പിന് പിന്നിലെ ആസൂത്രകനും പ്രധാന ഇടനിലക്കാരനും കിരൺ ആയിരുന്നു. കിരണിനെ അറസ്റ്റ് ചെയ്യാൻ വൈകിയതോടെ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. മാസങ്ങളോളം ക്രൈം ബ്രാഞ്ചിനെ വെട്ടിച്ചു നടന്ന കിരൺ, പല സംസ്ഥാനങ്ങളിലായി ഒളിവിലായിരിക്കെ, നിയമസഹായം തേടാനും ശ്രമിച്ചിരുന്നു. തട്ടിപ്പുകളുടെ ഇടനിലക്കാരനായി പ്രവർത്തിച്ചത് കിരണാണ്. ഇയാളുടെ മറ്റ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
റബ്‌കോ ഉത്പന്നങ്ങളുടെ ജില്ലയിലെ മൊത്തവ്യാപാരം നടത്തിയിരുന്നത് ബാങ്കിന്റെ സൂപ്പർ മാർക്കറ്റ് വഴിയാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്ന് ചില്ലറവ്യാപാരികൾക്ക് വിതരണംചെയ്ത ഇനങ്ങളുടെ പണം പിരിച്ചാണ് തട്ടിപ്പ്. വ്യാപാരികളിൽനിന്ന് പരമാവധി തുക പണമായി വാങ്ങുകയായിരുന്നു. ഇത് ബാങ്കിൽ വരവുവച്ചിരുന്നില്ല. വ്യാപാരികൾക്ക് നൽകിയ രസീതുകളിൽ മിക്കവയും വ്യാജമായിരുന്നു. ബാങ്ക് തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂർ ബാങ്കിലെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. 2016 മുതൽ21വരെ കാലയളവിലെ 13 ഭരണസമിതി അംഗങ്ങളാണ് ക്രമക്കേടിലുള്ളത്. ഇതിൽ വൈസ് പ്രസിഡന്റും ഒരു ഡയറക്ടറും മരിച്ചു.
ജൂലായ് 17: ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
ജൂലായ് 21: കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി
സെപ്തംബർ എട്ട്: ഒന്നാം പ്രതി സുനിൽകുമാർ പിടിയിൽ
സെപ്തംബർ 13 : ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന് ഉൾപ്പടെ നാല് ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ
ഒക്ടോബർ 11: മൂന്ന് ഭരണസമിതി അംഗങ്ങൾ പിടിയിൽ.