
തിരുവനന്തപുരം:'രണ്ടര ലക്ഷം പേരാണ് തല ചായ്ക്കാൻ ഒരു കൂരയില്ലാതെ ബുദ്ധിമുട്ടുന്നത്. അവർക്ക് വീടൊരുക്കാൻ സർക്കാർ ആവിഷ്കരിച്ച പരിപാടിയിൽ പങ്കെടുക്കുന്നത് നിറഞ്ഞ മനസോടെയാണ്. എന്റെ ഭൂമിയുടെ ഒരു ഭാഗം സർക്കാരിന് നൽകുന്നത് ദാനമായല്ല, പങ്കാളിത്തമെന്ന നിലയിലാണ്.' വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ലൈഫ് മിഷന്റെ ഭാഗമായി ഭൂഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ആരംഭിച്ച 'മനസ്സോടിത്തിരി മണ്ണ്' കാമ്പെയിനിൽ പങ്കാളിയായ ശേഷം കേരളകൗമുദിയോട് പ്രതികരിക്കുകയായിരുന്നു അടൂർ. ഇന്നലെ രാവിലെ മന്ത്രി എം.വി. ഗോവിന്ദനെ അടൂർ തന്നെയാണ് ഭൂമി കൈമാറാനുള്ള സമ്മതം ഫോണിൽ വിളിച്ച് അറിയിച്ചത്. ഭൂഭവന രഹിതരായ പാവങ്ങൾക്ക് ഭൂമി സംഭാവന ചെയ്യാൻ തയ്യാറാവണമെന്നഭ്യർത്ഥിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയാണ് ഇതിന് പ്രേരകമായത്. ഐ. പി. എസ് ഉദ്യോഗസ്ഥയായി നാഗ്പൂരിൽ ജോലി ചെയ്യുന്ന മകൾ അശ്വതിയോട് അടൂർ ഇക്കാര്യം പറഞ്ഞപ്പോൾ, മകളും അച്ഛനോടൊപ്പം ചേർന്നു. എത്രയും പെട്ടെന്ന് ഭൂമി നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ പറഞ്ഞു.