kpcc

തിരുവനന്തപുരം: പതിന്നാല് ജില്ലകളിലെയും ഡി.സി.സി ഭാരവാഹികളുടെ സാദ്ധ്യതാപട്ടിക ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ നാളെ പാർട്ടി നേതൃത്വത്തിന് കൈമാറും. ഡി.സി.സി പ്രസിഡന്റുമാരുമായും മുതിർന്ന നേതാക്കളുമായും ജനറൽ സെക്രട്ടറിമാർ ഇന്ന് അവസാനവട്ട ചർച്ച നടത്തും. ഭാരവാഹികളും എക്സിക്യുട്ടീവ് അംഗങ്ങളുമടക്കം 51 പേരെയാകും 11 ഡി.സി.സികളിൽ പരമാവധി ഉൾക്കൊള്ളിക്കുക. എന്നാൽ ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ കുറവുണ്ടാകും. ഗ്രൂപ്പുകളുടെ ശുപാർശകൾ ഉൾപ്പെടെ ഓരോ ജില്ലയിലും 150 പേരുകൾവരെ ലഭിച്ചിട്ടുണ്ട്. ചർച്ച ചെയ്ത് ഇതിൽ ചില പേരുകളിൽ മുൻഗണനാക്രമം നിശ്ചയിച്ചശേഷമാകും പട്ടിക കൈമാറുക.

കെ.പി.സി.സി നേതൃത്വം സാദ്ധ്യതാ പട്ടിക പരിശോധിച്ചശേഷം ഈ മാസം പത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വലിയ ജില്ലകളിൽ ഡി.സി.സി ജനറൽസെക്രട്ടറിമാരായി പരമാവധി 15 പേരേ ഉണ്ടാകാവൂ എന്നാണ് നിർദ്ദേശം. ഇതിൽ രണ്ടുപേർ വനിതകളും രണ്ടുപേർ പട്ടികജാതി-വർഗ പ്രതിനിധികളുമാകണം. യുവാക്കളുടെ ക്വാട്ടയിൽ നാലുപേരെ ഉൾപ്പെടുത്തണം. പൊതുവിഭാഗത്തിൽ ഏഴുപേർ. തിരുവനന്തപുരം പോലുള്ള ജില്ലകളിലാണ് പുന:സംഘടന വലിയ വെല്ലുവിളിയുയർത്തുന്നത്. ജില്ലയിലെ രണ്ട് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നുള്ള എം.പിമാർക്ക് പുറമേ തലസ്ഥാനത്ത് നിർണായക സ്വാധീനമുള്ള കെ. മുരളീധരന്റെ താല്പര്യങ്ങളും കണക്കിലെടുത്തുള്ള പട്ടിക വേണം തയ്യാറാക്കാൻ.

കെ.പി.സി.സി സെക്രട്ടറിമാർ: ചർച്ച തുടരുന്നു

കെ.പി.സി.സി സെക്രട്ടറിമാരുടെ പാനൽ അന്തിമമാക്കുന്നതു സംബന്ധിച്ച് ഹൈക്കമാൻഡുമായി ഡൽഹിയിൽ നടത്തുന്ന ചർച്ചകൾ തുടരുന്നു. സെക്രട്ടറിമാരായി നാല്പത് പേർ മതിയെന്നാണ് ധാരണയുള്ളത്. എന്നാൽ, വിവിധ നേതാക്കൾ സമർപ്പിച്ച പേരുകളുൾപ്പെടെ ഇരുന്നൂറോളം പേരുകളടങ്ങുന്ന സാദ്ധ്യതാപട്ടികയുമായാണ് കെ.പി.സി.സി പ്രസിഡന്റ് ഡൽഹിയിലെത്തിയത്. സംഘടനാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിന്റെ റിട്ടേണിംഗ് ഓഫീസറായ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര സംസ്ഥാനത്തെത്തി ചുമതലയേറ്റാൽപ്പിന്നെ പാർട്ടി പുന:സംഘടന നടക്കില്ല. അഥവാ നടന്നാൽ അതിനെതിരെ ആർക്കെങ്കിലും നിയമവഴി തേടാനാകും. കർണാടകയിൽ ഇപ്പോൾ നിയമസഭാസമ്മേളനം നടക്കുകയാണ്. അതുകഴിഞ്ഞ് ഈ മാസം പത്തിനുശേഷം എപ്പോൾ വേണമെങ്കിലും അദ്ദേഹമെത്തി ചുമതലയേൽക്കാം. അതിനുമുമ്പ് പരമാവധി പുന:സംഘടന നടത്തിയെടുക്കാനാണ് കെ.പി.സി.സിയുടെ നീക്കം.