
കോട്ടയം: മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ആരോഗ്യം വീണ്ടെടുക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ ചോദ്യങ്ങളോട് വാവ സുരേഷ് കൃത്യമായി പ്രതികരിച്ചു.
പേര് ചോദിച്ച ഡോ ടി കെ ജയകുമാറിനോട് 'ഞാന്‍ സുരേഷ്, വാവ സുരേഷ്' എന്ന് അദ്ദേഹം മറുപടി നൽകി. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചത് തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലായതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ഓര്‍മ തിരിച്ചുകിട്ടിയോ എന്ന് അറിയുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ചോദ്യം ചോദിച്ചത്. എന്നാൽ പാമ്പ് കടിയേറ്റതിനെ കുറിച്ച് സുരേഷിനോട് ചോദിച്ചിരുന്നില്ല. ഹൃദയസ്തംഭനം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കിയതെന്ന് ഡോ.ടി കെ ജയകുമാര്‍ വ്യക്തമാക്കി.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സുരേഷിനെ ഇന്നലെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. ഡോക്ടറിന്റെ സഹായത്തോടെ അദ്ദേഹം അല്പം നടക്കുകയും ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുകയും ചെയ്തിരുന്നു. ഇന്നുകൂടി ഐസിയുവില്‍ നിരീക്ഷണത്തില്‍ കിടത്തിയ ശേഷം സുരേഷിനെ വാര്‍ഡിലേക്ക് മാറ്റും. കോട്ടയം കുറിച്ചിയിൽ വച്ചാണ് അദ്ദേഹത്തിന് മുർഖന്റെ കടിയേറ്റത്. തുടർന്ന് സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.