us-operation

വാഷിംഗ്‌ടൺ: ഭീകരസംഘടനയായ ഐസിസിന്റെ തലവൻ അബു ഇബ്രാഹിം അൽ - ഹഷിമി അൽ - ഖുറേഷിയെ വധിക്കാൻ അമേരിക്കൻ സ്പെഷ്യൽ സേന നടത്തിയത് മാസങ്ങളോളം നീണ്ട പരിശീലനം. ഐസിസ് നേതാവ് വടക്കൻ സിറിയയിൽ തുർക്കി അതിർത്തിയോട് ചേർന്ന ഇദ്‌ലിബ് പ്രവിശ്യയിലെ അത്‌മാ ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് കഴിഞ്ഞ ഡിസംബറിന്റെ തുടക്കത്തിൽ തന്നെ അമേരിക്ക പദ്ധതി ആസൂത്രണം ചെയ്യാൻ ആരംഭിച്ചിരുന്നു.

അബു ഇബ്രാഹിമും പന്ത്രണ്ട് കുടുംബാംഗങ്ങളും അമേരിക്കൻ സേന നടത്തിയ ഓപ്പറേഷനിടെ രക്ഷപ്പെടാൻ പഴുതില്ലാതെ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. ജാക്കറ്റ് ബോംബ് സ്‌ഫോടനത്തിൽ ആറു കുട്ടികളും നാല് സ്‌ത്രീകളും ഉൾപ്പെടെ കുടുംബത്തിലെ മുഴുവൻ പേരും മരണമടഞ്ഞു. അമേരിക്കൻ സ്പെഷ്യൽ സേനയുടെ ഓപ്പറേഷൻ വൈറ്റ്ഹൗസിൽ തൽസമയം വീക്ഷിച്ചശേഷം പ്രസിഡന്റ് ജോ ബൈഡനാണ് കൊടും ഭീകരന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐസിസ് തലവൻ അബു ഇബ്രാഹിം അൽ -ഹഷിമി അൽ-ഖുറേഷിയെ യുദ്ധക്കളത്തിൽ നിന്ന് ഉന്മൂലനംചെയ്‌തു എന്നായിരുന്നു ബൈഡൻ പ്രസ്താവനയിൽ അറിയിച്ചത്. നിരാശാജനകമായ ഭീരുത്വത്തിന്റെ അവസാന പ്രവർത്തിയെന്നും ബൈഡൻ ഐസിസ് നേതാവിന്റെ മരണത്തെ വിശേഷിപ്പിച്ചു. വിരലടയാളത്തിൽ നിന്നുള്ള ബയോമെട്രിക് ഡാറ്റ പരിശോധിക്കുകയും ഡി എൻ എ ഫലം പുറത്തുവരികയും ചെയ്തതിന് ശേഷമാണ് ഐസിസ് തലവൻ കൊല്ലപ്പെട്ടതായി ബൈഡൻ പ്രഖ്യാപിച്ചത്.

ഐസിസ് നേതാവിനെ പിടികൂടുന്നതിനായി യു എസ് സേന ഹെലികോപ്ടർ പരിശീലനം നടത്തിയത് നിരവധി തവണ. അബു ഇബ്രാഹിം സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ ഉണ്ടെന്ന് ഉറപ്പിച്ചതിനെത്തുടർന്ന് ഇയാളെ ജീവനോടെ പിടികൂടുന്നതിനുള്ള സാദ്ധ്യതകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സിസംബർ 20ന് ബൈഡന് ലഭിച്ചിരുന്നതായി വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അബു ഇബ്രാഹിം താമസസ്ഥലത്തുനിന്ന് വളരെ കുറച്ചുമാത്രം പുറത്തിറങ്ങുന്നത് ഓപ്പറേഷൻ കൂടുതൽ സങ്കീർണമാക്കിയിരുന്നു. കൊറിയറുകളിലൂടെ മാത്രമായിരുന്നു ഇയാൾ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. മാത്രമല്ല കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റ് കുടുംബങ്ങളുടെയും പ്രദേശത്തെ കുട്ടികളുടെയും സുരക്ഷയും സേനയ്ക്ക് വെല്ലുവിളിയായി.

പ്രതിരോധ സെക്രട്ടറിയായ ലോയിഡ് ഓസ്റ്റിൻ ജനറൽ മാർക്ക് മില്ലെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച ഓപ്പറേഷൻ നടത്തുന്നതിനായി ബൈഡൻ അനുമതി നൽകുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഹെലികോപ്റ്ററുകളിൽ എത്തിയ യു. എസ് ഭടന്മാർ കെട്ടിടത്തിന് നേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിവയ്ക്കുകയും സ്ഫോടനങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് രക്ഷപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് അബു ഇബ്രാഹിം ചാവേർ സ്ഫോടനം നടത്തിയത്. ഓപ്പറേഷനിടെ ഒരു യു എസ് ഹെലികോപ്ടറിന് തകരാറ് സംഭവിക്കുകയും തുടർന്ന് ഉപേക്ഷിക്കുന്നതിന് പകരം സേന തന്നെ ഹെലികോപ്ടർ തകർക്കുകയും ചെയ്തു.

കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുൻപ് തന്നെ സേന അബു ഇബ്രാഹിം താമസിച്ചിരുന്ന കെട്ടിടം വളഞ്ഞിരുന്നു. ബൈ‌‌ഡന് തൽസമയം വിവരങ്ങൾ നൽകിയിരുന്ന നാവികസേന ജനറലായ ഫ്രാങ്ക് മെക് കെൻസി കെട്ടിടത്തിൽ സ്ഫോടനം ഉണ്ടാകുന്നതിന് മുൻപ് നാല് കുട്ടികളടക്കം ആറ് സാധാരണക്കാരെ അമേരിക്കൻ സേന രക്ഷപ്പെടുത്തിയതായി അറിയിച്ചു. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് അബു ഇബ്രാഹിമും കുടുംബവും താമസിച്ചിരുന്നത്. സ്ഫോടനത്തിൽ ഇവിടെയുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി യു എസ് സേന ഉദ്യോഗസ്ഥൻ അറിയിച്ചു. അബു ഇബ്രാഹിമിന്റെ രണ്ട് ഭാര്യമാരും ഒരു കുഞ്ഞും കൊല്ലപ്പെട്ടു. യു എസ് സേന കെട്ടിടം വളഞ്ഞതുകണ്ട് അബുവിന്റെ ഭാര്യമാരിൽ ഒരാളും ലെഫ്റ്റനെന്റും സേനയ്ക്ക് നേരെ വെടിയുതിർക്കുകയും പ്രത്യാക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി സിറിയൻ രക്ഷാപ്രവർത്തകർ പറഞ്ഞു.

പ്രസിഡന്റ് ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമല ഹാരീസും ദേശീയ സുരക്ഷാ ടീമിലെ ഉദ്യോഗസ്ഥരും വൈറ്റ്ഹൗസിൽ സൈനിക ഓപ്പറേഷൻ തത്സമയം വീക്ഷിച്ചിരുന്നു. പിന്നീട് നടത്തിയ പ്രസ്താവനയിൽ, തന്റെ നിർദ്ദേശപ്രകാരമാണ് സൈന്യം ഭീകര വിരുദ്ധ ഓപ്പറേഷൻ വിജയകരമായി നടത്തിയതെന്ന് പറഞ്ഞ ബൈഡൻ സൈനികരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്‌തു.2019 ഒക്ടോബർ 31നാണ് അബു ഇബ്രാഹിം ഐസിസിന്റെ തലപ്പത്തെത്തിയത്. ഐസിസ് തലവനായിരുന്ന അബൂബക്കർ അൽ ബഗ്ദാദിയെ അമേരിക്ക വധിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് ബാഗ്ദാദിയെ വധിച്ചത്. ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ പാകിസ്ഥാനിലെ അബോട്ടാബാദിൽ അൽക്വ ഇദ ഭീകരൻ ഒസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷന് സമാനമായിരുന്നു ഇന്നലെ സിറിയയിലെ ഓപ്പറേഷൻ. ബിൻ ലാദനെ വധിച്ച ഓപ്പറേഷൻ ഒബാമ വൈറ്റ് ഹൗസിൽ ഇരുന്ന് വീക്ഷിച്ചിരുന്നു.