fisherman

തിരുവനന്തപുരം: ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് പറവൂർ മാല്യങ്കരയിൽ മത്സ്യത്തൊഴിലാളിയായ സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഇനിയൊരു സജീവൻ ഉണ്ടാവാതിരിക്കാൻ വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ആര്‍ ഡി ഓഫീസിലെ ക്രമക്കേടുകളിലും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ റവന്യൂ മന്ത്രി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. ലാൻഡ് റവന്യൂ കമ്മിഷണർക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അമ്പത്തേഴുകാരനായ മാല്യങ്കര കോയിക്കൽ സജീവനെ വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.

മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തിൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമർശം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. നാല് സെന്റിലുള്ള വീട്ടിലാണ് സജീവനും കുടുംബവും താമസം. സ്വകാര്യ ചിട്ടി കമ്പനിയിൽ വീടിന്റെ ആധാരം പണയപ്പെടുത്തി പണം എടുത്തിരുന്നു. അവിടത്തെ കാലാവധി കഴിയാറായപ്പോൾ വായ്പയ്ക്ക് മറ്റൊരു ബാങ്കിൽ അപേക്ഷിക്കാൻ തീരുമാനിച്ചു. പലരിൽ നിന്നും കടം വാങ്ങി ചിട്ടി കമ്പനിയിൽ അടച്ച് ആധാരം തിരികെ വാങ്ങി. ഈ ആധാരം ബാങ്കിൽ പണയത്തിനായി നൽകിയപ്പോഴാണ് ഡേറ്റാ ബാങ്കിൽ നാല് സെന്റ് നിലമായാണ് കിടക്കുന്നതെന്നു കണ്ടത്.

നിലം പുരയിടമാക്കി കിട്ടാൻ മൂത്തകുന്നം വില്ലേജ് ഓഫീസ് മുതൽ പറവൂർ താലൂക്ക് ഓഫീസും ഫോർട്ട്‌കൊച്ചി ആർഡിഒ. ഓഫീസും പലവട്ടം കയറിയിറങ്ങി. ഇന്നലെ രാവിലെ 7 മണിയോടെ ഭാര്യ സതിയാണു സജീവനെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.

ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയിൽനിന്ന് മരണക്കുറിപ്പായ കത്ത് കണ്ടെത്തിയത്.

കത്തിലെ എഴുത്തിൽ അവ്യക്തത ഉള്ളതിനാൽ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയുണ്ടായ ഉദ്യോഗസ്ഥർക്കെതിരേ പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ. മക്കൾ: നിഥിൻദേവ്, അഷിതാദേവി. മരുമക്കൾ: വർഷ, രാഹുൽ.