photo

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഉടൻ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്നത് യു.പിയിലേക്കാണ്. മറ്റൊരു രസകരമായ വസ്തുത ഇൗ തിരഞ്ഞടുപ്പ് പോരാട്ടം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ബദൽ ഉണ്ടാകാനിടയുള്ള പോരാട്ടം കൂടിയാണെന്നതാണ്. കോൺഗ്രസിന് ബദലാകാൻ ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത് ആം ആദ്മി പാർട്ടിയ്‌ക്കും തൃണമൂൽ കോൺഗ്രസിനുമാണ്.

ആം ആദ്മി പാർട്ടി

അഴിമതിക്കെതിരെ ഇന്ത്യ എന്ന ജനമുന്നേറ്റം രാഷ്ട്രീയരൂപം കൈവരിക്കുന്നത് 2012 നവംബർ 26 നാണ്. എ.എ.പി ദേശീയ ശ്രദ്ധയിലെത്തിയത് 2013 ഡൽഹി നിയമസഭാ തിരഞ്ഞടുപ്പിലെ 28 സീറ്റ് നേടി മിന്നും പ്രകടനം കാഴ്ച്ചവച്ചുകൊണ്ടും. കോൺഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാൾ 49 ദിവസങ്ങൾക്ക് ശേഷം രാജിവെച്ചു. ദേശീയ പാർട്ടിയാകാനുള്ള ആം ആദ്മിയുടെ ആദ്യ ശ്രമം 2014 ലെ ലോക്‌സഭാ തിരഞ്ഞടുപ്പായിരുന്നു. പക്ഷേ 440 സീറ്റിൽ മത്സരിച്ച പാർട്ടിയുടെ വിജയം പഞ്ചാബിലെ നാല് സീറ്റുകളിലൊതുങ്ങി.

2015 ലെ ഡൽഹി നിയമസഭാ തിരഞ്ഞടുപ്പിലെ ചരിത്രവിജയത്തിന് ശേഷമായിരുന്നു രണ്ടാം ശ്രമം. അതിന് ശേഷം പഞ്ചാബ്, ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പുകളിൽ മത്സരിച്ചെങ്കിലും പഞ്ചാബിൽ മുഖ്യ പ്രതിപക്ഷമാകാൻ സാധിച്ചതു മാത്രമാണ് നേട്ടമായത്. ബാക്കി ഒരു സംസ്ഥാനത്തും അക്കൗണ്ട് തുറക്കാൻ പോലും സാദ്ധിച്ചില്ല. 2020 ലെ ഡൽഹി നിയമസഭാ തിരഞ്ഞടുപ്പിലെ വിജയത്തിനു ശേഷമായിരുന്നു മൂന്നാംശ്രമം ആരംഭിച്ചത്. മൂന്നാം ശ്രമത്തിൽ ചില ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കി. ഗുജറാത്തിലെ സൂറത്ത്
കോർപറേഷനിൽ മുഖ്യ പ്രതിപക്ഷമായതും ചണ്ഡിഗഢ് കോർപറേഷനിൽ ഏറ്റവും വലിയ
ഒറ്റകക്ഷിയായതുമാണ് അതിൽ പ്രധാനം.

ആദ്യത്തെ രണ്ടു ശ്രമങ്ങളേക്കാൾ വ്യക്തമായ തയ്യാറെടുപ്പോടെയാണ് എ.എ.പി ഇപ്പോൾ മുന്നോട്ട് പോകുന്നത്. മൂന്നാം ശ്രമത്തിലെ ഏറ്റവും പ്രധാനനീക്കം പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ നിയമസഭകളിലെക്ക് മത്സരിക്കാനുള്ള തീരുമാനമാണ്. പഞ്ചാബിൽ മുഖ്യപ്രതിപക്ഷമായ എ.എ.പി ഇത്തവണ ഭരണത്തിലെത്തുമെന്നാണ് മിക്ക സർവേകളും പ്രവചിക്കുന്നത്. ഗോവയിൽ എ.എ.പി മുഖ്യപ്രതിപക്ഷമാകുമെന്ന് എ.ബി.പി, ടൈംസ് ന്യൂ എന്നീ ചാനലുകളുടെ സർവേകൾ പറയുന്നു. ഉത്തരാഖണ്ഡിലും എ.എ.പി അക്കൗണ്ട് തുറക്കുമെന്നാണ് ഭൂരിഭാഗം സർവേ ഫലങ്ങൾ. ഇത് യാഥാർത്ഥ്യമായാൽ എ.എ.പി ദേശീയ പാർട്ടിയാകുകയും ഇന്ത്യയിലെ നിലവിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് പോലും ഭാവിയിൽ വെല്ലുവിളിയാകുന്ന നിലയിലേക്ക് വളരുകയും ചെയ്യും. എന്നാൽ സർവേ തെറ്റുകയും എ.എ.പിക്ക് പഞ്ചാബിൽ അധികാരത്തിലെത്താൻ കഴിയാതിരിക്കുകയും ചെയ്താൽ ദേശീയ രാഷ്ട്രീയത്തിൽ ഉദിച്ചുയരാനുള്ള എ.എ.പി നീക്കങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കും ലഭിക്കുക.


തൃണമൂൽ കോൺഗ്രസ്

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മമത ബാനർജി 1998 ൽ രൂപീകരിച്ച പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. 2021 ലെ ബംഗാളിലെ ഹാട്രിക്ക് വിജയത്തിന് ശേഷം ദീദിയുടെ ശ്രദ്ധ ദേശീയ രാഷ്ട്രീയത്തിലാണ്.നിലവിൽ ദേശീയ പാർട്ടിയാണെങ്കിലും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ ശക്തമായ ശ്രമമാണ് ദീദി നടത്തുന്നത്. തിരഞ്ഞടുപ്പ് നടക്കാനുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ദീദി ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഗോവയിലാണ്. ഗോവയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ എം.ജി.പിയുമായി സഖ്യം ഉണ്ടാക്കാൻ കഴിഞ്ഞതും ലൂസിഞ്ഞോ ഫെലെറിയോ, ചർച്ചിൽ അലിമാവോ എന്നിവരെ പാർട്ടിയിൽ എത്തിക്കാൻ കഴിഞ്ഞതും നേട്ടമാണ്. എന്നാൽ താഴെത്തട്ടിൽ പ്രവർത്തിക്കാൻ ആവശ്യത്തിന് പ്രവർത്തകരില്ലാത്തത് തൃണമൂൽ കോൺഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഗോവയിൽ കോൺഗ്രസിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ തൃണമൂൽ
കോൺഗ്രസിന് സാധിച്ചാൽ ദീദിയുടെ കോൺഗ്രസാണ് യഥാർത്ഥ കോൺഗ്രസെന്ന് അവർക്ക്
സ്ഥാപിക്കാൻ കഴിയും. കേരളത്തിലെ കോൺഗ്രസിൽ ഇതിനകം തന്നെ ധാരാളം നേതാക്കൾ എൻ.സി.പിയിലേക്കും സിപിഎമ്മിലേക്കും മറ്റും പോയിട്ടുണ്ട്. മാർച്ച് 10 ലെ ഗോവ ഫലം ഒരുപക്ഷേ കേരളത്തിലും കോൺഗ്രസിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്കുള്ള കൂറുമാറ്റത്തിന് തുടക്കം കുറിച്ചേക്കാം. അതുകൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാർച്ച് 10 ന്റെ പ്രാധാന്യം എന്നത് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പ് ഫലത്തിൽ ഒതുങ്ങില്ല.


(യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് രണ്ടാംവർഷ വിദ്യാ‌ർത്ഥിയാണ് ലേഖകൻ, ഫോൺ:8075219903)