
ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ ചടങ്ങുകൾ ബഹിഷ്ക്കരിക്കാൻ നയതന്ത്ര പ്രതിനിധികൾക്ക് രാജ്യം നൽകിയ നിർദ്ദേശം ഇന്ത്യയുടെ അഭിമാനബോധം ഉയർത്തിപ്പിടിക്കുന്നതാണ്. അതിർത്തിയിൽ 2020-ൽ ചൈനയും ഇന്ത്യയും തമ്മിൽ തുടങ്ങിയ സംഘർഷം ഇനിയും ശമിച്ചിട്ടില്ല. ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സൈനിക നീക്കങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും ചൈന തുടരുന്നുമുണ്ട്. ഇതൊക്കെയാണെങ്കിലും ചൈനയിൽ ശീതകാല ഒളിമ്പിക്സ് നടത്താനുള്ള പ്രഖ്യാപനത്തെ തുടക്കത്തിൽത്തന്നെ റഷ്യയ്ക്കൊപ്പം ഇന്ത്യയും സ്വാഗതം ചെയ്തു. അതേസമയം അമേരിക്ക ഉൾപ്പെയുള്ള ഏതാനും രാജ്യങ്ങൾ ചൈനയിലെ ശീതകാല ഒളിമ്പിക്സിന് നയതന്ത്ര ബഹിഷ്ക്കരണം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയവും കായികമേഖലയും തമ്മിൽ കൂട്ടിക്കുഴക്കുന്നത് ശരിയല്ല എന്ന ലോകകാഴ്ചപ്പാടിന്റെ ഭാഗമായാകണം ഇന്ത്യ അത്തരമൊരു ബഹിഷ്ക്കരണപ്രഖ്യാപനം തുടക്കത്തിലേ നടത്താതിരുന്നത്. ഷിൻജിയാംഗ് പ്രവിശ്യയിലെ ഉയിഗുർ വംശജരായ ന്യൂനപക്ഷ മുസ്ളിംങ്ങൾക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അവരുടെ വിശ്വാസപ്രമാണങ്ങൾ മാറ്റിമറിക്കാനുള്ള നിർബന്ധിത ക്യാമ്പുകൾ നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ് അമേരിക്കയ്ക്ക് പുറമെ ബ്രിട്ടൺ,ആസ്ട്രേലിയ,കാനഡ തുടങ്ങിയ രാജ്യങ്ങൾ ബഹിഷ്ക്കരണം പ്രഖ്യാപിച്ചത്.ഇതിന് മറുപടിയായി ഇത്തരം ക്യാമ്പുകൾ നടത്തുന്നില്ല എന്ന കള്ളമാണ് ആദ്യം ചൈന പറഞ്ഞത്. എന്നാൽ കൂടുതൽ തെളിവുകൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ വൊക്കേഷണൽ ട്രെയിനിംഗ് ക്യാമ്പുകളാണവയെന്ന് പറഞ്ഞ് നിസാരവത്ക്കരിക്കുകയാണ് ചൈന ചെയ്തത്. കൊവിഡിന്റെ ഉത്ഭവത്തെപ്പറ്റി പല കള്ളങ്ങളും ആവർത്തിച്ച ചൈന ഇനിയും യഥാർത്ഥ വസ്തുതകൾ പുറത്തുവിട്ടിട്ടില്ല എന്നതും ഇൗ അവസരത്തിൽ ഒാർക്കേണ്ടതാണ്. ഇന്ത്യയാകട്ടെ ഇപ്പോൾ ബഹിഷ്ക്കരണം പ്രഖ്യാപിച്ചത് വസ്തുനിഷ്ഠമായ കാരണത്തിന്റെ അടിസ്ഥാനത്തിലാണ്. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു വരിക്കേണ്ടി വന്നിരുന്നു. ഇതേ സംഘർഷത്തിൽ പരിക്കേറ്റ ചൈനീസ് കമാൻഡറാണ് ക്വി ഫാബോവോ. ഇയാൾക്ക് ചൈന പ്രത്യേക സൈനിക മെഡൽ സമ്മാനിക്കുകയും ചെയ്തിരുന്നു. ഇൗ പട്ടാള ഉദ്യോഗസ്ഥനെ ശീതകാല ഒളിമ്പിക്സിന്റെ ദീപശിഖാ വാഹകരിൽ ഒരാളാക്കിയതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ ബഹിഷ്ക്കരണം പ്രഖ്യാപിച്ചത്. അതേസമയം ഒളിമ്പിക്സിൽ ഇന്ത്യയിൽ നിന്നുള്ള ഏക കായികതാരം പങ്കെടുക്കുകയും ചെയ്യും. രാഷ്ട്രീയവും സൈനികവുമായ ഭിന്നതകളുടെ പേരിൽ കായികതാരങ്ങളുടെ അവസരം തടയരുതെന്ന ഉയർന്ന ചിന്തയുടെ ഭാഗമായാണ് കായികമേളയിൽ ഇന്ത്യ പങ്കെടുക്കുന്നത്. അതേസമയം ഇന്ത്യയുടെ പങ്കാളിത്തത്തെ വിലകുറച്ച് കാണിക്കാനായാണ് പ്രതികരണം ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിട്ടും ചൈന ഗാൽവൻ സംഘർഷത്തിൽ പങ്കുവഹിച്ച സൈനികനെ ദീപശിഖാ റാലിയിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ ബഹിഷ്ക്കരണത്തെ നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരു രാജ്യത്തിനും പിന്തുണയ്ക്കാതിരിക്കാനാകില്ല.
ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികരുടെയും പേരുവിവരങ്ങൾ ഇന്ത്യ ചിത്രങ്ങൾ സഹിതം ലോകത്തെ അറിയിച്ചിരുന്നു. എന്നാൽ നാല് സൈനികരെ മാത്രമാണ് തങ്ങൾക്ക് നഷ്ടപ്പെട്ടതെന്നാണ് ചൈനയുടെ അവകാശവാദം. അതേസമയം 38 ചൈനീസ് ഭടന്മാർ സംഘർഷത്തിനിടെ ഗാൽവൻ നദിയിൽ മുങ്ങിമരിച്ചതായി ആസ്ട്രേലിലയിലെ ഒരു പത്രം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ സത്യം അറിയാൻ എത്ര സംവത്സരങ്ങൾ കാത്തിരിക്കേണ്ടി വരും. അല്ലെങ്കിലും ഇരുമ്പു മറയിൽ നിന്ന് ഒരിക്കലും സത്യങ്ങൾ പുറത്തു വരാറില്ലല്ലോ?