
അകാലത്തിൽ വിടപറഞ്ഞ കന്നട പവർസ്റ്റാർ പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ജെയിംസ് എന്ന ചിത്രത്തിൽ പുനീതിന്റെ കഥാപാത്രത്തിന് സഹോദരൻ ശിവ രാജ്കുമാർ ശബ്ദം നൽകി. ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിന് മുമ്പായിരുന്നു പുനീതിന്റെ മരണം. ചിത്രത്തിൽ സൈനികന്റെ വേഷമാണ് പുനീത് അവതരിപ്പിച്ചത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ജെയിംസ്. പുനീതിന് ശബ്ദം നൽകിയശേഷം ശിവരാജ് കുമാർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഹൃദ്യമായി.
'എന്റെ സഹോദരന്റെ ചിത്രത്തിന് ഡബ്ബ് ചെയ്യുമ്പോൾ മനസ് വല്ലാതെ വിങ്ങിപ്പൊട്ടുകയായിരുന്നു. വല്ലാത്തൊരു വൈകാരിക നിമിഷമായിരുന്നു അത്. സ്‌ക്രീനിൽ അപ്പുവിനെ കണ്ടപ്പോൾ എനിക്ക് താങ്ങാനായില്ല. അവന്റെ ശബ്ദവുമായി എന്റെ ശബ്ദം പൊരുത്തപ്പെടാൻ അൽപം ബുദ്ധിമുട്ടായിരുന്നു. രണ്ടര ദിവസമെടുത്താണ് ഞാൻ ഡബ്ബിംഗ് പൂർത്തിയാക്കിയത്. എന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകർ എങ്ങനെ ഇത് ഏറ്റെടുക്കുമെന്ന് അറിയില്ല' ശിവ പറഞ്ഞു.
പുനീതിന്റെ ജന്മദിനമായ മാർച്ച് 17 ന് ചിത്രം തിയേറ്ററിലെത്തും. അനു പ്രഭാകർ, ശ്രീകാന്ത്, ആർ. ശരത്കുമാർ, തിലക് ശേഖർ, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.