daughter

അഹമ്മദാബാദ്: പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവ് തന്നെ ഉപേക്ഷിച്ചെന്ന ആരോപണവുമായി യുവതി പൊലീസിൽ പരാതി നൽകി. അഹമ്മദാബാദിലെ കലുപൂർ സ്വദേശിയായ 37കാരിയാണ് പരാതി നൽകിയത്.

2012ലാണ് മുംബയ് സ്വദേശിയുമായുള്ള യുവതിയുടെ വിവാഹം നടക്കുന്നത്. 2013ൽ ഇവർ ഗർഭിണിയായപ്പോൾ ഭർത്താവിന്റെ വീട്ടുകാർ കുട്ടിയുടെ ലിംഗനിർണയ പരിശോധന നടത്തിയെന്നും പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഗർഭച്ഛിദ്രം നടത്താൻ പ്രേരിപ്പിച്ചതായും യുവതി പറയുന്നു. ഗർഭം അലസിപ്പിക്കാനായി ഭർത്താവിന്റെ അമ്മ മർദിച്ചതായും യുവതി ആരോപിക്കുന്നു. എന്നാൽ ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട ഇവർ സ്വന്തം വീട്ടിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ജനിച്ചത് പെൺകുഞ്ഞായതിന്റെ വിഷമത്തിൽ ഭർത്താവും വീട്ടുകാരും കുഞ്ഞിനെ കാണാൻ എത്തിയില്ല.

പിന്നീട് 2014 ഡിസംബറിലാണ് ഭർത്താവിന്റെ സഹോദരിയുടെ വിവാഹത്തിനായി യുവതിയെ ഭർതൃവീട്ടിലേയ്ക്ക് തിരികെ കൊണ്ടുപോയത്. രണ്ട് വർഷത്തിന് ശേഷം കുട്ടിയെ നഴ്സറിയിൽ ചേർക്കാൻ പണം ചോദിച്ചപ്പോഴും ഭർത്താവ് നൽകിയിരുന്നില്ല. അതിനു ശേഷം ഇയാൾ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോവുകയായിരുന്നു. നാല് വർഷങ്ങൾക്കു ശേഷമാണ് ഭർത്തൃസഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാൾ യുഎസിൽ സ്ഥിരതാമസമാക്കിയ വിവരം അറഞ്ഞതെന്നും യുവതി പറഞ്ഞു. ഭർത്താവിനും അമ്മായിയമ്മയ്ക്കുമെതിരെ ഗാർഹിക പീഡനത്തിനാണ് യുവതി ഇപ്പോൾ പരാതി നൽകിയിട്ടുള്ളത്.