
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്രസർക്കാരും മറ്റു സംസ്ഥാനങ്ങളും ആനുകൂല്യങ്ങൾ വാരിചൊരിയുമ്പോൾ കേരളം നോക്കുകുത്തി മാത്രമാകുന്നു. ഒരു രൂപ പോലും സബ്‌സിഡി നൽകാൻ കേരളസർക്കാർ തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം. മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ വലിയ സംസ്ഥാനങ്ങൾ മുതൽ ഡൽഹിയും അസമും മേഘാലയയും പോലുള്ള ചെറിയ സംസ്ഥാനങ്ങൾ വരെ വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർക്ക് മികച്ച പ്രോത്സാഹനമാണ് നൽകുന്നത്. ഗണ്യമായ തുക സബ്സിഡി നൽകുന്നതിനു പുറമേ, റോഡ് നികുതിയിൽ 100 % ഇളവും പ്രഖ്യാപിച്ചാണ് ഇ– മൊബിലിറ്റിക്കു പവർ നൽകുന്നത്.
എന്നാൽ കേരളമാകട്ടെ ഇ – റിക്ഷകൾക്കു മാത്രമാണു പർച്ചേസ് സബ്‌സിഡി നൽകുന്നത്. റോഡ് നികുതി ഇളവ് 50 % മാത്രം. ഇലക്‌ട്രിക് വാഹനങ്ങൾക്ക് തെലങ്കാന പോലുള്ള ചില സംസ്ഥാനങ്ങൾ റോഡ് നികുതി പൂർണമായി ഇളവു ചെയ്യുമ്പോൾ കേരളം അതിനു പോലും തയാറാകുന്നില്ല.