
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി സിയുടെ പുനര്‍നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ രമേശ് ചെന്നിത്തലയുടെ ഹര്‍ജി ലോകായുക്ത തള്ളിയതിന് പിന്നാലെ വാർത്താസമ്മേളനം വിളിച്ച് മന്ത്രി ആർ ബിന്ദു. പ്രതിപക്ഷവും മാദ്ധ്യമങ്ങളും ചേർന്ന് വലിയ നിലയിലുള്ള ആരോപണ സമുച്ചയം തീർത്തുകൊണ്ടിരിക്കുകയായിരുന്നു എന്ന് മന്ത്രി ആരോപിച്ചു.
പല ഘട്ടങ്ങളിലും പ്രതികരിച്ചുവെങ്കിലും വീണ്ടും ആരോപണങ്ങൾ ഉയർന്നുവന്നു. എന്നാലിപ്പോൾ കാര്യങ്ങൾക്ക് വ്യക്തത വന്നിട്ടുണ്ടാകുമെന്ന് കരുതുന്നു. കാള പെറ്റു എന്നു കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിനും മാദ്ധ്യമങ്ങൾക്കും ചേർന്നതല്ല. രമേശ് ചെന്നിത്തല ഏറെക്കാലമായി പൊതുമദ്ധ്യത്തിൽ ഉള്ള വ്യക്തിയാണ്. കേരളത്തിന്റെ രാഷ്ട്രീയ മേഖലയിൽ നിറഞ്ഞുനിന്നിരുന്നയാൾ പ്രതിപക്ഷ നേതാവാവുകയും പിന്നീട് പ്രതിപക്ഷ നേതാവ് അല്ലാതാവുകയും ചെയ്തപ്പോൾ ഉണ്ടായ ഇച്ഛാഭംഗം കൊണ്ടാണോ വിഷയം ഇത്രയും പൊലിപ്പിച്ചതെന്നറിയില്ല. അദ്ദേഹത്തെപ്പോലൊരാൾ കാര്യങ്ങൾ പഠിക്കാതെ പ്രസ്താവന നടത്തുന്നത് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റങ്ങൾ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ്. ഈ വലിയ ഉത്തരവാദിത്തം മുന്നിൽ നിന്ന് നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് തനിക്കുള്ളത്. തന്റെ ജോലി നിർവഹിക്കാൻ തന്നെ അനുവദിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമാണ്. ഇത് നടപ്പിലാക്കാനുള്ള സാവകാശം നൽകണം. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാഗത്തുനിന്ന് സഹകരണ മനോഭാവമാണ് കാണാൻ കഴിഞ്ഞത്. അതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. രമേശ് ചെന്നിത്തല അടുത്തകാലത്തായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. ഒരു പക്ഷേ ജനഹൃദയങ്ങളിൽ അദ്ദേഹമുണ്ടെന്ന് ഉറപ്പുവരുത്താനും ജനങ്ങളുടെ മുന്നിൽ നിറഞ്ഞുനിൽക്കുകയെന്ന രാഷ്ട്രീയക്കാരന്റെ ഇച്ഛയുടെ ഭാഗമായാകാം ഇത്. പൊതുപ്രവർത്തനത്തിന്റെ സുദീർഘമായ പാരമ്പര്യമുള്ളവർ വിവാദമുണ്ടാക്കാനല്ല ശ്രമിക്കേണ്ടത്. സഹകരണമാണ് രമേശ് ചെന്നിത്തലയിൽ നിന്ന് താൻ പ്രതീക്ഷിക്കുന്നത്. മാദ്ധ്യമങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഉത്തമ താത്പര്യങ്ങൾ മുൻനിർത്തിയായിരിക്കണം. ഗവർണറെപ്പറ്റി വിവാദപരമായ പ്രസ്താവനകൾ നടത്താൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹവുമായി നേരിട്ട് ഏറ്റുമുട്ടേണ്ട കാര്യമില്ല. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ കേരളീയ സമൂഹത്തിന് അഭിലഷണീയമല്ല. വിവാദങ്ങൾ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.