
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം. സിപിഐയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും. ഗവർണറുടെ തീരുമാനം കാക്കാനും സിപിഎം സെക്രട്ടറിയേറ്റിൽ തീരുമായി.
മുന്നണിയിൽ ചർച്ച ചെയ്യാതെ ലോകായുക്ത ഓർഡിനൻസിൽ തീരുമാനമെടുത്തതിൽ സിപിഐയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് കാര്യങ്ങൾ സിപിഐയെ ബോദ്ധ്യപ്പെടുത്താമെന്ന തീരുമാനത്തിലെത്തിയത്.
എന്നാൽ ഗവർണറുടെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്. അതുകൊണ്ടുതന്നെ ഗവർണറുടെ തീരുമാനം കാക്കാനും സിപിഎം തീരുമാനമെടുത്തു. അഥവാ ഓർഡിനൻസ് ഗവർണർ തിരിച്ചയക്കുകയാണെങ്കിൽ, നിയമസഭയിൽ ബിൽ ആയി പാസാക്കാനും ആലോചിക്കുന്നുണ്ട്.
അതേസമയം, ലോകായുക്തയ്‌ക്കെതിരെ കെ.ടി ജലീൽ ഉയർത്തിയ വിമർശനങ്ങളെ കുറിച്ച് ഇന്നത്തെ യോഗത്തിൽ സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ‌്തില്ല.