dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം അല്പസമയത്തിനകം ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് ഇന്ന് നടന്നത്.

കേസിൽ തന്നെ കുടുക്കാൻ ഡി.ജി.പി ബി.സന്ധ്യ മുതൽ അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസ് വരെയുള്ളവർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് വധഗൂഢാലോചന കേസെന്നതുൾപ്പടെ ശക്തമായ വാദങ്ങളാണ് പ്രതികളുടെ അഭിഭാഷകർ ഇന്നലെ കോടതിയിൽ ഉയർത്തിയത്.

ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്.

ദിലീപിന്റെ വാദങ്ങൾ

 ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലും രണ്ടു മൊഴികളിലും വൈരുദ്ധ്യങ്ങളുണ്ട്.

 എസ്.പിയായിരുന്ന എ.വി. ജോർജ് മാദ്ധ്യമങ്ങളോടു സംസാരിക്കുന്ന യു ട്യൂബ് ദൃശ്യം നോക്കി 'നിങ്ങൾ അനുഭവിക്കുമെന്ന് പറഞ്ഞതായി' പരാതിയിൽ പറയുന്നു. മൊഴി രേഖപ്പെടുത്തിയപ്പോൾ അന്നത്തെ എ.ഡി.ജി.പി ബി.സന്ധ്യ ഉൾപ്പെടെയുള്ളവരെ വകവരുത്തുമെന്നു പറഞ്ഞെന്നായി.

 തന്നെ മർദ്ദിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്ന സുദർശന്റെ കൈവെട്ടണമെന്നു പറഞ്ഞെന്ന് ആരോപണമുണ്ട്. തന്നെ ആരും മർദ്ദിച്ചിട്ടില്ല. ഓരോ മൊഴിയിലും കഥകൾ കൂട്ടിച്ചേർത്തു.

 ബാലചന്ദ്രകുമാർ സംഭാഷണം റെക്കാഡ് ചെയ്ത സാംസംഗ് ടാബോ, അത് കേടായപ്പോൾ പകർത്തിയെന്ന് പറയുന്ന ലാപ്ടോപ്പോ കണ്ടെടുത്തിട്ടില്ല. പെൻഡ്രൈവാണ് ഹാജരാക്കിയത്. ഇതെങ്ങനെ തെളിവാകും?

 തനിക്ക് 19 ലക്ഷം രൂപ കടമുണ്ടെന്നും കടക്കാരെ വിളിച്ച് സാവകാശം വാങ്ങിക്കൊടുക്കണമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടിരുന്നു. ഇവരെ വിശ്വസിപ്പിക്കാൻ ഒരുസിനിമ അനൗൺസ് ചെയ്യാനും ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതിലുള്ള പ്രതികാരമാണ് ആരോപണങ്ങൾ.

 ഒരു വി.ഐ.പിയുണ്ടെന്ന് പറഞ്ഞിരുന്നു. പറ്റിയ ഒരാളെ മാപ്പുസാക്ഷിയാക്കാൻ കിട്ടാത്തതിനാലാണ് അന്വേഷണ സംഘം ഇപ്പോൾ മിണ്ടാത്തത്.

 താൻ പറഞ്ഞ വാക്കുകൾ കേട്ടു നിന്ന അപ്പു, ബൈജു എന്നിവരെ പ്രതികളാക്കി. ബാലചന്ദ്രകുമാറിനെ പ്രതിയാക്കിയില്ല.

 കേസ് നിലനിൽക്കില്ലെന്നു കണ്ടതോടെയാണ് തന്നെ അറസ്റ്റുചെയ്ത് കൂടുതൽ തെളിവുണ്ടാക്കാൻ കള്ളക്കേസ് ചമച്ചത്. നടൻ മണിയുടെ സഹോദരനെ വകവരുത്താൻ ശ്രമിച്ചു എന്നതടക്കം കേസുകൾ കെട്ടിച്ചമച്ചിരുന്നു. ഇപ്പോൾ മറ്റൊരു കൊലപാതകത്തിന്റെ കാര്യവും പറഞ്ഞുവരുന്നുണ്ട്.